കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തെ തുടർന്ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച വിസ്മയയുടെ ചിത്രം മാത്രം നൽകി മാധ്യമങ്ങൾ വാർത്ത ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയ. വിസ്മയയുടെ മരണത്തിന് കാരണക്കാരൻ എന്ന് പറയപ്പെടുന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ചിത്രങ്ങൾ ഒഴിവാക്കുകയും മുഖം മറച്ച രീതിയിൽ കാട്ടുകയും ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ വൻ പ്രതിഷേധമാണ് ജനങ്ങൾ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തുന്നത്.
ഇരയുടെ ഫോട്ടോ എല്ലാവർക്കും കാണാൻ പാകത്തിനും വേട്ടക്കാരൻ മറഞ്ഞും ആണെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. കുറ്റാരോപിതന്റെ ചിത്രം പുറത്ത് വരാൻ പാടില്ലേ എന്നും എന്ത് മറയാണ് അയാൾ അർഹിക്കുന്നതെന്നും ജനം ചോദിക്കുന്നു. ഇത്രയും ക്രൂരത ചെയ്ത ഇവന്റെ മുഖം സമൂഹത്തിന്റെ മുൻപിൽ തുറന്നു കാട്ടാൻ എന്തിനാണ് ഭയക്കുന്നതു എന്ന് മനസിലാകുന്നില്ലെന്ന് ചിലർ പറയുന്നു.
വനിതകൾക്ക് വേണ്ടി എന്നവകാശപ്പെടുന്ന മാധ്യമങ്ങൾ വരെ കിരണ്‍കുമാറിന്റെ ചിത്രങ്ങൾ മുഖം മറച്ച രീതിയിലാണ് പ്രസിദ്ധീകരിച്ചത്. ഇത്തരം ചിത്രങ്ങൾ പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ശക്തമായ പ്രതികരണവും കമന്റുകളിൽ കാണാം. അതേസമയം, എല്ലാ കുറ്റങ്ങളും മാധ്യമങ്ങളെ അടിച്ചേല്പിക്കാതെ ഇത്തരം വാർത്തകളിൽ ഇരയുടെ ചിത്രം കാണാൻ വ്യഗ്രതകൊള്ളുന്ന ചില മലയാളികളുടെ സ്വഭാവത്തെയും ആളുകൾ കുറ്റം പറയുന്നുണ്ട്.
Post Your Comments