വയനാട്: സാമൂഹ്യ വികസന സൂചികകളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നതിനുള്ള പ്രധാന കാരണം മലയാളികളുടെ വായനാ ശീലമാണൈന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ്. വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആധുനിക ലോകത്ത് വായന രീതിയില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. പുതിയകാലത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാനും ന്യൂതന സാങ്കേതിക സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി വായനയുടെ വികാസം സാധ്യമാക്കാന്‍ വായനദിനത്തിലൂടെ എല്ലാവര്‍ക്കും സാധിക്കട്ടെ’- അദ്ദേഹം ആശംസിച്ചു.
സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വായന പക്ഷാചരണത്തില്‍ വിവിധ പരിപാടികളാണ് നടത്തുന്നത്. കുട്ടികള്‍ക്ക് വായനാക്കുറിപ്പ് തയ്യാറാക്കല്‍ മത്സരം, ബെന്യാമിന്‍ കൃതികളിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ മത്സരം, പുസ്തകചര്‍ച്ച, കാവ്യസന്ധ്യ എന്നിവ നടക്കും. ഐ.വി. ദാസ് ജന്മദിനമായ ജൂലായ് 7നാണ് വായന പക്ഷാചരണം അവസാനിക്കുക.
Post Your Comments