തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ നവാസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംഎല്‍എ സി.കെ ശശീന്ദ്രന്‍. സി.കെ ജാനു തന്റെ ഭാര്യയ്ക്ക് നല്‍കിയത് കോഴയായി ലഭിച്ച പണമല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ. ജാനുവിന് കെ. സുരേന്ദ്രന്‍ നല്‍കിയ പണം ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്നായിരുന്നു നവാസിന്റെ ആരോപണം.
2019ല്‍ വായ്പയായി വാങ്ങിയ പണമാണ് ജാനു ഭാര്യയ്ക്ക് തിരികെ നല്‍കിയതെന്ന് സി.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. മൂന്ന് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നുവെന്നും ആ തുകയാണിതെന്നും അദ്ദേഹം പറഞ്ഞു. വാഹനം വാങ്ങാനായാണ് ജാനു പണം വാങ്ങിയത്. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം നേരത്തെ തന്നെ തന്നിരുന്നുവെന്നും ബാക്കിയുള്ളത് കഴിഞ്ഞ മാര്‍ച്ചില്‍ തിരികെ നല്‍കിയെന്നുമാണ് സി.കെ ശശീന്ദ്രന്റെ വെളിപ്പെടുത്തല്‍. അനാവശ്യ വിവാദങ്ങളിലേയ്ക്ക് ഭാര്യയെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.സുരേന്ദ്രന്‍ നല്‍കിയ പണത്തില്‍ നാലര ലക്ഷം രൂപ സി.കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് കല്‍പ്പറ്റ സഹകരണ ബാങ്കിലെത്തി ജാനു കൈമാറിയെന്നും തിരുവനന്തപുരത്തു വച്ച് കെ.സുരേന്ദ്രന്‍ ജാനുവിന് പണം കൈമാറുന്നതിന്റെ തലേ ദിവസം കോട്ടയത്ത് വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു നവാസിന്റെ ആരോപണം. എന്നാല്‍, കെ.സുരേന്ദ്രന്‍ നല്‍കിയത് കുഴല്‍പ്പണമാണെന്ന് പറയുന്ന ഇടതുപക്ഷം തന്നെ ജാനു സിപിഐ നേതാവിന്റെ ഭാര്യയ്ക്ക് നല്‍കിയത് കുഴല്‍പ്പണമല്ലെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
Post Your Comments