KeralaLatest NewsNews

മന്ത്രി മുഹമ്മദ് റിയാസില്‍ കണ്ട ഗുണങ്ങളെ എടുത്തു പറഞ്ഞ് വാനോളം പുകഴ്ത്തി സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ്

കൊച്ചി : പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വല്യ കുഴപ്പക്കാരനല്ലെന്നാണ് സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ അഭിപ്രായം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ ഗുണങ്ങളെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. വെല്ലുവിളികളുടെ കുണ്ടും കുഴിയും നിറഞ്ഞ, കല്ലും മുള്ളും ചിതറിയ പാതകളിലൂടെ, മുഹമ്മദ് റിയാസ് പ്രതീക്ഷകള്‍ സമ്മാനിച്ചു കൊണ്ടാണ് ഓരോ ദിവസവും പുതിയ ചുവടുകളോടെ മുന്നോട്ടു പോകുന്നതെന്ന് ആന്റോ ജോസഫ് തന്റെ കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നു. കൊടിയുടെ നിറം നോക്കാതെയാണ് മന്ത്രി തീരുമാനമെടുക്കുന്നതെന്നും ‘ജനം എന്ന പരമാധികാരി’യെ അദ്ദേഹം ഏറെ ബഹുമാനിക്കുന്നുണ്ടെന്നും ആന്റോ ജോസഫ് തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

Read Also : ‘കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്’: സുധാകരൻ- പിണറായി വിജയൻ വീരകഥകളെ കുറിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ….

‘ വെല്ലുവിളികളുടെ കുണ്ടും കുഴിയും നിറഞ്ഞ, വിട്ടൊഴിയാത്ത ആരോപണങ്ങളുടെ കല്ലും മുള്ളും ചിതറിയ പാതകളാണ് എന്നും ഒരു പൊതുമരാമത്ത് മന്ത്രിയെ കാത്തിരിക്കുന്നത്. ഫയലുകളില്‍ അടയിരിക്കുന്ന ഉദ്യോഗസ്ഥ വൃന്ദം മുതല്‍ ‘ദേ… ദിപ്പം ശരിയാക്കിത്തരാം…’ എന്ന് പറയുന്ന റോഡ് റോളര്‍ മെക്കാനിക്കുകള്‍ വരെ വാഴുന്ന നിഗൂഢ വഴിയാണത്. നിത്യാഭ്യാസികള്‍ക്ക് പോലും അടിതെറ്റിയ വകുപ്പ് ‘.

‘അവിടെ പി.എ.മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരന്‍ പ്രതീക്ഷകള്‍ സമ്മാനിച്ചു കൊണ്ട് ഓരോ ദിവസവും പുതിയ ചുവടുകളോടെ മുന്നോട്ടു പോകുന്ന കാഴ്ച ലക്ഷക്കണക്കായ കേരളീയരിലൊരുവനായി ഞാനും കാണുന്നു. കൊടിയുടെ നിറം നോക്കാതെയും, ഭരണ പ്രതിപക്ഷ ഭേദമില്ലാതെയുമാണ് ശ്രീ.റിയാസിന്റെ തീരുമാനങ്ങള്‍’.

‘ ജനം എന്ന പരമാധികാരിയെ ബഹുമാനിക്കുന്നു, അവര്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്നതാണ് അദ്ദേഹത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത. പ്രതിപക്ഷത്തെ പരിഗണിച്ചും അവരുടെ വാക്കുകള്‍ക്ക് വില കല്പിച്ചുമാണ് ശ്രീ. റിയാസ് മുന്നോട്ടു പോകുന്നത്. പ്രതിപക്ഷാംഗങ്ങളുടെ എണ്ണത്തിലല്ല, അവര്‍ ഉയര്‍ത്തുന്ന ജനശബ്ദത്തിന്റെ കരുത്തിലാണ് കാര്യം എന്ന തിരിച്ചറിവ് ഒരു ഭരണാധികാരിക്ക് അവശ്യം വേണ്ടതാണ് ‘ .

‘വി.ഡി.സതീശന്‍ നയിക്കുന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രഹര ശേഷി ഒരു പക്ഷേ മറ്റാരേക്കാള്‍ നന്നായി, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് വളര്‍ന്ന ശ്രീ. റിയാസിന് തിരിച്ചറിയാനാകും. ആ വിശാല കാഴ്ചപ്പാടിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്ന് ഇന്നത്തെ പത്രങ്ങളിലുണ്ട്. റോഡുകള്‍ ടാര്‍ ചെയ്ത ഉടന്‍ വെട്ടിപ്പൊളിക്കുന്ന സാഹചര്യം ഇല്ലാതാക്കുമെന്ന ശ്രീ.റിയാസിന്റെ പ്രഖ്യാപനം ചെറുതല്ലാത്ത സന്തോഷം തരുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ പണിത റോഡുകള്‍ പോലും ടാറിങ് ഉണങ്ങും മുമ്പ് കുഴി തോണ്ടുന്നതിന് നമ്മള്‍ എത്രയോ വട്ടം സാക്ഷികളായിട്ടുണ്ട് ‘ .

‘ വാട്ടര്‍ അതോറിറ്റിക്കാര്‍ മുതല്‍ കേബിളിടുന്നവര്‍ വരെ പണി തീര്‍ന്ന റോഡുകളുടെ നെഞ്ചത്താണ് മണ്‍വെട്ടിയിറക്കുന്നത്. അങ്ങേയറ്റം ക്രൂരമായ ഒരു വിനോദം. ഇങ്ങനെ വെട്ടിപ്പൊളിച്ചിട്ട റോഡുകളില്‍ പൊലിഞ്ഞ ജീവനുകള്‍ അനവധിയാണ്. ഓരോ അപകടമുണ്ടാകുമ്പോഴും പ്രസ്താവനകള്‍ മാത്രം ബാക്കിയാകും. വീണ്ടും കഥ തുടരും. ഇതിന് പരിഹാരമുണ്ടാക്കുമെന്ന ഉറപ്പ് റിയാസ് എന്ന മന്ത്രിയുടെ വാക്കുകളിലുണ്ട്’ .

‘ റോഡ് വെട്ടിപ്പൊളിക്കുന്നതില്‍ വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാക്കുമെന്ന തീരുമാനം കേരളത്തെ സംബന്ധിച്ച് പുതുതാണ്, ആഹ്ലാദം പകരുന്നതാണ്. അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ നാടിന് വേണ്ടത് എന്തെന്ന് ശ്രീ.റിയാസ് തിരിച്ചറിഞ്ഞിരിക്കുന്നു. ജനാഭിലാഷങ്ങള്‍ ഒപ്പിയെടുക്കുന്ന കടലാസു പോലെയാകണം മന്ത്രിയുടെ മനസ്. ശ്രീ. റിയാസിന് അതുണ്ട്’ . പ്രിയപ്പെട്ട മന്ത്രീ….. ഉറച്ച കാല്‍വയ്പുകളോടെ മുന്നോട്ട് പോകുക…’

കൊടിയുടെ നിറം നോക്കാതെ തീരുമാനം എടുക്കുന്ന മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മരുമകനാണെന്ന തലക്കനം ഇല്ലാതെയാണ് ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. ഒരു നല്ല മന്ത്രി എന്ന ലേബലാണ് മുഹമ്മദ് റിയാസിനുള്ളതെന്നാണ് ആന്റോ ജോസഫ് തന്റെ പോസ്റ്റിലൂടെ തുറന്നു കാട്ടിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button