കൊച്ചി: രാജ്യദ്രോഹ പരാമർശം നടത്തിയ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നിലപാട് വ്യക്തമാക്കി ലക്ഷദ്വീപ് പോലീസ്. ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ജൂൺ 20 ന് കവരത്തി പോലീസ് സ്റ്റേഷനിൽ എത്താനാണ് നിർദ്ദേശമെന്നും അവിടെ എത്തിയാൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ടെന്നുമാണ് ജാമ്യ ഹർജിയിൽ ഐഷ സുൽത്താന പറഞ്ഞിരുന്നത്.
എന്നാൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനാണ് ഹാജരാകാൻ ആവശ്യപ്പെട്ടതെന്നും, ഐഷയുടെ ആശങ്ക നിലനിൽക്കുന്നില്ലെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി. ക്രിമിനൽ നടപടി ചട്ടം 41എ പ്രകാരമാണ് ഹാജരാകാൻ നോട്ടീസ് നൽകിയതെന്നും, ഐഷയ്‌ക്കെതിരെ ചുമത്തിയ ദേശവിരുദ്ധ വകുപ്പുകൾ നിലനിൽക്കുമെന്നും അതേസമയം മുൻകൂർ ജാമ്യഹർജി നിലനിൽക്കുന്നതല്ലെന്നും ലക്ഷദ്വീപ് പോലീസ് വ്യക്തമാക്കി.
ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് ലക്ഷദ്വീപ് പോലീസിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ചാനൽ ചർച്ചയ്ക്കിടെ ബയോവെപ്പൺ പരാമർശം നടത്തിയതിനാണ് കവരത്തി പോലീസ് ഐഷ സുൽത്താനയ്‌ക്കെതിരെ കേസെടുത്തത്. തുടർന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ ആയിരുന്നു തന്റെ പരാമർശമെന്ന് വിശദീകരണവുമായി ഐഷ സുൽത്താന രംഗത്ത് വന്നു.
Post Your Comments