KeralaLatest News

‘വാർത്തയുണ്ടാക്കാനായുള്ള ചോദ്യംചെയ്യലിന് ഇനി മുതല്‍ ഹാജരാകില്ല’: കുഴല്‍പ്പണക്കേസില്‍ നിലപാട് മാറ്റി ബിജെപി

സി.പി.എം. അജണ്ട നടപ്പാക്കാന്‍ നിന്നുകൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം.

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണത്തില്‍ നിലപാട് മാറ്റി ബി.ജെ.പി. ഫോണില്‍ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യംചെയ്യലിന് ഇനിമുതല്‍ ഹാജരാകില്ലെന്നാണ് ബി.ജെ.പി കോര്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇനി മുതല്‍ കേസ് രജിസ്റ്റര്‍ചെയ്തോ കോടതി മുഖേനയോയുള്ള അന്വേഷണത്തില്‍ മാത്രമെ നേതാക്കളും പ്രവര്‍ത്തകരും ഹാജരാകൂ. സി.പി.എം. അജണ്ട നടപ്പാക്കാന്‍ നിന്നുകൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം.

കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും പൊലീസും പാര്‍ട്ടിയെ അനാവശ്യമായി വേട്ടയാടുന്നുവെന്നാണ് ബി.ജെ.പിയുടെ കണ്ടെത്തൽ. കുഴല്‍പ്പണ കേസ് അന്വേഷണവുമായി സഹകരിക്കും എന്ന നിലപാടാണ് പാര്‍ട്ടി നേരത്തെ സ്വീകരിച്ചിരുന്നത്. സംഘടനാ സെക്രട്ടറിയും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ ചോദ്യംചെയ്യലിനു ഹാജരാകുകയും ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും നേതൃത്വത്തിനു സംശയമുണ്ട്.

ഈ സാഹചര്യത്തിലാണ് നിലപാട് മാറ്റമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ വിവിധ വിഷയങ്ങളുന്നയിച്ച്‌ സര്‍ക്കാരിനെതിരേ സമരം ശക്തമാക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. മുട്ടില്‍ മരംമുറി അഴിമതിക്കെതിരേ ഇന്നു രാവിലെ 11-ന് ബി.ജെ.പി. സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് കുമ്മനം രാജശേഖരന്‍, പത്തനംതിട്ടയില്‍ ജോര്‍ജ് കുര്യന്‍, ആലപ്പുഴയില്‍ പി. സുധീര്‍, എറണാകുളത്ത് എ.എന്‍. രാധാകൃഷ്ണന്‍, തൃശ്ശൂരില്‍ സി. കൃഷ്ണകുമാര്‍, വയനാട് പി.കെ. കൃഷ്ണദാസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കും.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button