വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. വിശാഖപട്ടണത്ത് നടന്ന ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു. ഒരു വനിതാ മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ തീഗലമേട്ട വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആന്റി നക്‌സല്‍ ഫോഴ്‌സിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മാംപ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് നടത്തിയ പരിശോധയില്‍ ആറ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നടത്തിയ പരിശോധനയില്‍ നിന്നും എകെ-47 തോക്കുകള്‍, യന്ത്രത്തോക്കുകള്‍, .303 റൈഫിളുകള്‍, തദ്ദേശ നിര്‍മ്മിതമായ പിസ്റ്റല്‍ എന്നിവ കണ്ടെത്തി. മേഖലയില്‍ കൂടുതല്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടോയെന്ന് കണ്ടെത്താനായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Post Your Comments