പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി ആദായ നികുതി വകുപ്പ്: 80 ജി ആനുകൂല്യം റദ്ദ് ചെയ്തു

വിവിധ വിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും സൗഹാർദവും നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടിരിക്കുന്നു

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി ആദായ നികുതി വകുപ്പ്. സംഘടനയ്ക്ക് ലഭിച്ചു വന്നിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം ആദായ നികുതി വകുപ്പ് റദ്ദ് ചെയ്തു.ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ആനുകൂല്യം ലഭ്യമാക്കുന്നതുവഴി ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചുവെന്ന് കണ്ടതിനെത്തുടർന്നാണ് നടപടി.1961ലെ ആദായ നികുതി വകുപ്പിന്റെ 13(1)(b), 12AA(4)(a) വകുപ്പുകളുടെ ലംഘനമാണ് നടന്നതെന്നും വകുപ്പ് വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച ഉത്തരവ് 2021 മാർച്ച് 22നാണ് പുറത്തിറങ്ങിയത്.

1961ലെ ആദായ നികുതി നിയമപ്രകാരം U/s 12A r.w.s. 12AA അനുസരിച്ച് 2012 ആഗസ്റ്റ് 28ന് രജിസ്റ്റർ ചെയ്ത (നം- പി-1589648) സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ആദായ നികുതിയിൽ ഇളവ് അനുവദിക്കുന്ന 80 ജി ആനുകൂല്യം ആദായ നികുതി വകുപ്പിൽ നിന്ന് സംഘടനയ്ക്ക് ലഭിച്ചിരുന്നുവെന്നും 2013-14 മുതൽ 2020-21 വരെ ആദായ നികുതി റിട്ടേൺ സംഘടന സമർപ്പിച്ചിരുന്നുവെന്നും വകുപ്പ് വ്യക്തമാക്കുന്നു.

നിയമത്തിലെ 12AA (3) രജിസ്ട്രേഷൻ റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതായി അസെസ്സി സൊസൈറ്റിയുടെ മെമ്മോറാണ്ടത്തിൽ നിന്ന് കണ്ടെത്തിയതായും, വിവിധ വിഭാഗങ്ങൾക്കിടയിലെ സാഹോദര്യവും സൗഹാർദവും നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടിരിക്കുന്നതായും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.

Share
Leave a Comment