ലാഹോര്‍ : കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവരുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കാനൊരുങ്ങി പാകിസ്താൻ. തുടക്കത്തില്‍ ഇതൊരു നിര്‍ദ്ദേശം മാത്രമായിരുന്നുവെങ്കിലും ജനങ്ങള്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് മടിക്കുന്ന സാഹചര്യത്തില്‍ ഇത് നടപ്പാക്കാന്‍ നിര്‍ബന്ധിതമായെന്നാണ് പഞ്ചാബ് പ്രാഥമിക ആരോഗ്യ വകുപ്പ് വക്താവ് അഹമ്മദ് റാസ പറഞ്ഞു. സ്റ്റേറ്റ് ടെലികോം ഏജന്‍സിയുമായി ചേര്‍ന്ന് ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെറ്റിദ്ധാരണകളും വ്യാജ പ്രചാരണങ്ങളുമാണ് വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമെന്നാണ് വാദം. വാക്സിന്‍ കുത്തിവച്ചാല്‍ വന്ധ്യതയുണ്ടാകും, രണ്ടു വര്‍ഷത്തിനകം മരണപ്പെടുന്നതിന് കാരണമാകും എന്നിങ്ങനെയുള്ള വ്യാജ പ്രചാരണങ്ങളാണ് പാകിസ്ഥാനിൽ നടക്കുന്നത്.
പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രവിശ്യ കൂടിയാണ് ലാഹോര്‍ നഗരം ഉള്‍പ്പെടുന്ന പഞ്ചാബ്. നേരത്തെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വാക്സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജൂലൈ മാസം മുതല്‍ ശമ്പളം തടയാന്‍ പ്രവിശ്യാ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
വിദ്യാഭ്യാസം കുറഞ്ഞ ജനങ്ങള്‍ക്കിടയില്‍ നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതിനാല്‍, ചെറിയ കാലയളവില്‍ നടത്തുന്ന ബോധവല്‍ക്കരണ കാമ്പയിൻ ഫലം ചെയ്യില്ല. കര്‍ശന നിയമ സംവിധാനങ്ങളിലൂടെ മാത്രമേ വാക്സിനേഷന്‍ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പാകിസ്ഥാന്‍ യങ് ഡോക്ടേഴ്സ് അസോസിയേഷന്‍ തലവന്‍ സല്‍മാന്‍ ഹസീബ് പറഞ്ഞു.
Post Your Comments