തിരുവനന്തപുരം: നൂറുദിന പരിപാടികള്‍ പ്രഖ്യാപിച്ച് നടപ്പാക്കാതെ ഒന്നാം പിണറായി സര്‍ക്കാർ ജനങ്ങളെ കബളിപ്പിച്ച അതേ ശൈലി തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആഗസ്റ്റില്‍ ഓണസമ്മാനമായും ഡിസംബറില്‍ ക്രിസ്തുമസ് സമ്മാനമായി രണ്ടു നൂറുദിന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നുവെന്നും അവയൊന്നും നടപ്പാക്കാതെ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച നൂറു ദിന പദ്ധതികളും ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണെന്നും, പലതും നടപ്പാവാതെ പോയ പഴയ പദ്ധതികളുടെ ആവര്‍ത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നൂറ് ദിവസത്തിനകം അഞ്ചു ലക്ഷം കുട്ടികള്‍ക്ക് വിദ്യാശ്രീ പദ്ധതിപ്രകാരം ലാപ്‌ടോപ് നല്‍കുമെന്നായിരുന്നു കഴിഞ്ഞ ആഗസ്റ്റിൽ സർക്കാർ പ്രഖ്യാപിച്ചത്. അത് നടന്നില്ല. എന്നിട്ടാണ് ഇപ്പോള്‍ വീണ്ടും നൂറുദിന പരിപാടിയായി അരലക്ഷം കുട്ടികള്‍ക്ക് വിദ്യാശ്രീ പദ്ധതി പ്രകാരം ലാപ് ടോപ്പ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തെ പ്രഖ്യാപനം നടപ്പാക്കാതെ എന്തിനാണ് പുതിയ പ്രഖ്യാപനം നടത്തുന്നത്?’ ചെന്നിത്തല ചോദിച്ചു.
തുടര്‍ച്ചയായി പ്രഖ്യാപനങ്ങള്‍ നടത്തി എല്ലാക്കാലത്തും ജനങ്ങളെ കബളിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് തെറ്റിപ്പോയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആയിരക്കണക്കിന് കോടികളുടെ പാക്കേജാണ് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ച് നടപ്പാക്കാതിരുന്നത്, ആ തന്ത്രം വിജയിച്ചു എന്ന് തെറ്റിദ്ധരിച്ചാണ് വീണ്ടും കബളിപ്പിക്കല്‍ തന്ത്രവുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നതെന്നും, ആ തന്ത്രം ഇനി നടപ്പാവാന്‍ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Post Your Comments