കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മേപ്പാടി റേഞ്ച് ഓഫിസറുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയിൽ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചു നീക്കിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിച്ചാണ് മരങ്ങൾ മുറിച്ചതെന്നും പ്രതികൾ പറയുന്നു.
അതേസമയം മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയ ഡിഎഫ്ഒ ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റി. മരം മുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിൻ ധനേഷിനെതിരെ കോഴ ആരോപണം ഉന്നയിച്ചതോടെയാണ് ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത്. മരം മുറിച്ച് കടത്തിയതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് പി.ധനേഷ് കുമാറായിരുന്നു.
Post Your Comments