കൊച്ചി: കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ടു വന്നില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച ടെക്നിക്കൽ ബിഡ് തുറന്നെങ്കിലും ആരും താൽപര്യം കാണിച്ച് ടെൻഡർ സമർപ്പിച്ചില്ലെന്ന് സർക്കാർ അറിയിച്ചു.
കേന്ദ്ര അനുമതിയോടെയാണ് സംസ്ഥാനം ആഗോള ടെൻഡർ വിളിച്ചത്. കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷനായിരുന്നു ടെൻഡർ വിളിച്ചത്. മറ്റ് സംസ്ഥാനങ്ങൾ വിളിച്ച ആഗോള ടെൻഡറുകൾക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
വാക്സിൻ വിതരണത്തിന് വീണ്ടും സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ലെന്നും സ്പോട്ട് രജിസ്ട്രേഷൻ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടം ഉണ്ടാക്കുമെന്നും സർക്കാർ അറിയിച്ചു. ശുചീകരണ തൊഴിലാളികളെ കോവിഡ് മുന്നണിപ്പോരാളികൾ ആയി പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും സർക്കാർ പറഞ്ഞു. കേന്ദ്രസർക്കാർ നൽകുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾ മുഖേന വഴിയും വിതരണം ചെയ്യാനാകുമോ എന്നറിയിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments