Latest NewsKeralaIndiaNews

‘ഒറ്റമുറിയിൽ നിന്നും പുറത്തിറങ്ങിയ സ്ത്രീ പറഞ്ഞു, എന്നെ ഭർത്താവ് നന്നായി നോക്കി, ബുദ്ധിമുട്ടിച്ചില്ല’- കുറിപ്പ്

ഒരു സ്ത്രീ ഒളിച്ച് താമസിക്കുക എന്ന് പറയുന്നത് കൗതുകവാർത്തയല്ലെന്ന് വ്യക്തമാക്കുകയാണ് എം ജെ ശ്രീചിത്രന്‍

നെന്മാറ: പാലക്കാട് പ്രണയിനിയെ പത്തുവർഷത്തോളം മുറിക്കുള്ളിൽ ഒളിപ്പിച്ച് വെച്ച റഹ്‌മാനെന്ന യുവാവിന്റെ കഥയാണ് രണ്ടു ദിവസമായി കേരളം ചർച്ച ചെയ്യുന്നത്. റഹ്‌മാൻ-സജിത പ്രണയത്തെ വാഴ്ത്തിപ്പാടുകയാണ് സോഷ്യൽ മീഡിയ. എന്നാൽ, സൂചിമുറി പോലുമില്ലാത്ത മുറിയിൽ ഒരു സ്ത്രീ ഒളിച്ച് താമസിക്കുക എന്ന് പറയുന്നത് കൗതുകവാർത്തയല്ലെന്ന് വ്യക്തമാക്കുകയാണ് ഡിവൈഎഫ്‌ഐ നേതാവും സംസ്‌കാരിക പ്രഭാഷകനുമായ എം ജെ ശ്രീചിത്രന്‍. ജീവപര്യന്തത്തിലും കൂടിയ കൊടുംകുറ്റവാളികൾക്ക് വിധിക്കുന്ന ഏകാന്തത്തടവാണ് അവരനുഭവിച്ചച്ചതെന്ന് ശ്രീചിത്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. ശ്രീചിത്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇവരുടെ ചിത്രവും സംസാരവുമെല്ലാം പലവട്ടം ആവർത്തിച്ചു കണ്ടു. അവിശ്വസനീയം, അസാധാരണം, അത്ഭുതകരം എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്കപ്പുറത്ത് ഇവരുടെ അനുഭവത്തിൽ നാം ചിന്തിക്കേണ്ട പലതുമുണ്ട്. പത്തു വർഷക്കാലം ബാത്ത്റൂമില്ലാത്ത ഒരൊറ്റമുറിയിൽ ഒരു സ്ത്രീ ഒളിച്ചുതാമസിക്കുക എന്നത് ഒരു കൗതുകവാർത്തയല്ല. ജീവപര്യന്തത്തിലും കൂടിയ ,കൊടുംകുറ്റവാളികൾക്ക് വിധിക്കുന്ന ഏകാന്തത്തടവാണ് അവരനുഭവിച്ചത്. ചെയ്ത പാതകം പ്രണയമാണ്.

1) പ്രണയം എന്ന് അതിനൊപ്പം എഴുതിച്ചേർത്താൽ എല്ലാം അവസാനിക്കില്ല. ശരിയാണ്, പ്രണയത്തിന് പല സാഹസികമായ അവസ്ഥാന്തരങ്ങളുമുണ്ട്. പക്ഷേ പത്തു വർഷത്തെ ഏകാന്തത്തടവിന് ആ വാക്ക് അനുയോജ്യമല്ല. കാൽപ്പനികതയുടെ മാറാല പിടിപ്പിക്കാതെ കണ്ടാൽ പത്തുവർഷം അവരെ തുറുങ്കിലിട്ടത് പ്രണയത്തിൻ്റെ സങ്കൽപ്പലോകമല്ല, മതാധികാരത്തിൻ്റെയും ജാത്യഭിമാനത്തിൻ്റെയും പ്രായോഗികലോകമാണ്. അവിടെയുള്ള വിചാരണകളെ ഒഴിവാക്കാനാഗ്രഹിക്കുന്നവരുടെ തന്ത്രനില മാത്രമാണ് ഇതിലെ ഉദാത്ത പ്രണയ വാഴ്ത്തുകൾ.

2) അസാധാരണത്വം കൽപ്പിച്ച് എല്ലാവരും കണ്ണു മിഴിക്കുന്ന ഇത്തരമൊന്ന് ഇക്കാലത്ത് നടന്നു എന്നതിനർത്ഥം ആധുനിക സമൂഹമെന്ന നിലയിൽ നാമിന്നും പരിണമിച്ചിട്ടേയില്ല എന്നാണ്. മനുഷ്യരെ പരിഗണിക്കാത്ത ആധുനിക പൂർവ്വമായ മതബോധത്തിലാണ് പ്രശ്നത്തിൻ്റെ കാതൽ.

Also Read:തിരിച്ചുവരവിന് കരുത്ത് പകരാൻ ബി.ജെ.പി: നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ശശികല

3) മനുഷ്യൻ അടിസ്ഥാനപരമായി സാമൂഹിക ജീവിയാണ്. മാർക്സ് പറഞ്ഞപോലെ “സാമൂഹ്യബന്ധങ്ങളുടെ സമുച്ചയമാണ്”. തല സ്വയമുയർത്തിപ്പിടിക്കാൻ പോലും കഴിവില്ലാത്ത വിധം നിസ്സഹായമായി ജനിക്കുന്ന മനുഷ്യശിശു സുരക്ഷിതമായി വളരുന്നതു തന്നെ മനുഷ്യൻ്റെ സാമൂഹികജീവിതം കൊണ്ടാണ്. കോവിഡ് കാലം കൊണ്ടുവന്ന ശാരീരികഅകലം എത്ര ദുസ്സഹമായ സാമൂഹികഅകലമായി പ്രവർത്തിച്ചു, പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് നമുക്കറിയാം. പത്തുവർഷം നീണ്ട ഏകാന്തത്തടവ് എന്താണെന്ന് അനുഭവിച്ചവർക്കേ അറിയൂ. അത്തരമൊന്നിലേക്ക് അവരെ നയിച്ച കാരണം മതാധിഷ്ഠിതമായ മനുഷ്യവിദ്വേഷവും അന്ധവിശ്വാസങ്ങളുമാണ്. പലവട്ടം അയാളെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി എന്നയാൾ തന്നെ പറഞ്ഞു. വീട്ടുകാർ സമ്മതിക്കാത്തതിൻ്റെ അടിസ്ഥാന കാരണവും മറ്റൊന്നല്ല.

4) വ്യവസ്ഥാപിത കുടുംബം ഒന്നാന്തരം തുറുങ്കാണ്. ഒരേ സമയം അത് സ്ത്രീയേയും പുരുഷനേയും തുറുങ്കിലിടുന്നു. ജനാധിപത്യവൽക്കരിക്കാത്ത കുടുംബത്തിലെ എല്ലാ സ്ത്രീകളും തുറുങ്കിൽ തന്നെയാണ്. ചുറ്റും നോക്കിയാൽ മതി, ഇഷ്ടം പോലെ അവരെക്കാണാം. മുറ്റത്തേക്കും ആൺ നിശ്ചയിക്കുന്ന ഇടങ്ങളിലേക്കും അടുക്കള to ബെഡ്റൂം ഇടങ്ങളിലേക്കും മാത്രം യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ ഇതെങ്ങനെ കാണുന്നു എന്നറിയില്ല. ഒറ്റമുറിയിലെ ഏകാന്തത്തടവിനു ശേഷം പുറത്തിറങ്ങിയ ആ സ്ത്രീയും പറയുന്നത് “എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല, എന്നെ ഭർത്താവ് നന്നായി നോക്കി ” എന്നാണ്. കാലിലെ ചങ്ങല പാദസരമാണെന്നു ധരിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളും ഇതുതന്നെയാണ് പറയുന്നത്. സ്വാതന്ത്ര്യമെന്നത് അനുഭവത്താൽ മാത്രം ബോധ്യം വരുന്ന യാഥാർത്ഥ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button