സാൻ
ഒരു പെൺകുട്ടിയെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പത്തു വർഷങ്ങൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ തളച്ചിട്ടതിനെയാണോ നിങ്ങളൊക്കെ ദിവ്യ സ്നേഹമായി കാണുന്നത്. എങ്കിൽ യഥാർത്ഥത്തിൽ അതൊരു വലിയൊരു മനുഷ്യാവകാശ ലംഘനമാണ്. വാർത്ത സത്യമാണെങ്കിൽത്തന്നെ നീണ്ട പത്തുവർഷങ്ങൾ എങ്ങനെ ഒരാൾക്ക് ഒരു മുറിയിൽ കഴിയാനാകും. ഇനി അങ്ങനെ കഴിഞ്ഞെന്നു തന്നെയിരിക്കട്ടെ, ലോകം കാണേണ്ട പത്തുവർഷങ്ങളാണ് ആ പെൺകുട്ടിക്ക് നഷ്ടമായത്. അവളുടെ നല്ല കാലങ്ങളിൽ കൃത്യമായി ലഭിക്കേണ്ട വിദ്യാഭ്യാസമാണ് നഷ്ടമായത്.
Also Read:മരംമുറിക്കേസ് ഇനി എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ: വിശദമായ അന്വേഷണം വേണമെന്ന് സർക്കാർ
പതിനെട്ടു വയസ്സ് മുതലാണ് ഒരു മനുഷ്യന് ചിന്തിക്കാനും തിരഞ്ഞെടുക്കാനുമുള്ള സാമാന്യ ബോധമുണ്ടാകുന്നത്. അപ്പോൾ ബോധം രൂപപ്പെടും മുൻപ് അയാളും ആ മുറിയും മാത്രമായി ആ പെൺകുട്ടിയുടെ ജീവിതം മാറിയിട്ടുണ്ടെങ്കിൽ, എത്രത്തോളം വലിയ ക്രൂരതയാണ് അയാൾ ആ പെൺകുട്ടിയോട് ചെയ്തിരിക്കുന്നത്. തിരിച്ചറിവെത്താത്ത ആ പെൺകുട്ടിയെ ഇത്രയും നാൾ ഒളിപ്പിച്ചു വച്ചതിനും, തന്റെ മാത്രം ലോകത്ത് ഒതുക്കി നിർത്തിയതിനും, അയാൾ ആരോട് സമാധാനം പറഞ്ഞാലാണ് മതിയാവുക. സ്നേഹം ഇങ്ങനെയൊക്കെയാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കരുത്. ഇത് സ്നേഹമൊന്നുമല്ല കൃത്യമായ വിദ്യാഭ്യാസത്തിന്റെ കുറവ് മാത്രമാണ്.
ജീവിതത്തിന്റെ നല്ല കാലങ്ങൾ എന്തിനാണ് ഇത്തരത്തിൽ ഒരു മുറിയിൽ അനുഭവിച്ചു തീർക്കുന്നത്. ഇനിയും ഒരു പെൺകുട്ടിക്കും ഇത്തരത്തിൽ ഒരു ഗതിയുണ്ടാവരുത്. പെണ്ണ് വളരേണ്ടത് ഒരാളുടെ ഭാവനാലോകങ്ങളിലല്ല. അവൾക്ക് പഠിക്കാനും, നടക്കാനും, പറയാനുമുള്ള ഇടമൊരുക്കിക്കൊടുക്കുന്നവർക്കൊപ്പമാണ്. ഈ ദിവ്യ പ്രണയത്തിനു തിരിച്ചു തരാൻ കഴിയുമോ, കടന്നുപോയ അവളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളെ. അതിന് നല്ല നിമിഷങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ പോലും അവൾക്ക് കഴിഞ്ഞിട്ടില്ലല്ലോ. പതിനെട്ടു വയസ്സായ ഒരു പെൺകുട്ടിയെ, അവളുടെ മാനസികാവസ്ഥയിൽ സ്നേഹത്തിന് അവൾ കൊടുത്ത നിർവ്വചനങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു അയാൾ.
ഇനിയും ഇങ്ങനെ ഒരു സംഭവം എവിടെയും ഉണ്ടാവാതിരിക്കട്ടെ. സ്നേഹത്തിന്റെ പേരിൽ ബോധപൂർവ്വമാണെങ്കിലും ഇഷ്ടത്തോടെയാണെങ്കിലും ആരും ആരെയും പൂട്ടിവയ്ക്കാതിരിക്കട്ടെ. ആ പെൺകുട്ടിയെ പത്തുവർഷം പൂട്ടിയിടാൻ അവൻ കാണിച്ച ധൈര്യത്തിന്റെ പകുതി മതിയായിരുന്നു അവർക്കൊന്നിച്ചു ജീവിക്കാൻ. ഒരു മനുഷ്യനും ഇത്തരത്തിൽ പ്രാകൃതമായി സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമായി ഇവിടെ ജീവിക്കാതിരിക്കട്ടെ.
Post Your Comments