തൃശൂർ : കൊടകര കുഴൽപണക്കേസിൽ ഇനിയും ലഭിക്കാനുള്ള രണ്ടേകാൽ കോടിയോളം രൂപ കണ്ടെടുക്കാനുള്ള പൊലീസിന്റെ ശ്രമങ്ങൾ വിജയിച്ചില്ല. വിയ്യൂർ ജയിലിൽ കിടക്കുന്ന 10 പ്രതികളെ ഒറ്റയ്ക്കും കൂട്ടായും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിനു പണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ഇരിങ്ങാലക്കുട സബ് ജയിലിൽ കഴിയുന്ന 10 പ്രതികളെക്കൂടി ഒറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്യാനുള്ള നടപടികൾ പൊലീസ് തുടങ്ങി.
3.5 കോടി രൂപ കാറിലുണ്ടായിരുന്നതായും ഇത് ഏതൊക്കെ പ്രതികളുടെ കൈവശമുണ്ടെന്നുമുള്ള കൃത്യമായ വിവരം ലഭിച്ചതായി പൊലീസ് നേരത്തേ പറഞ്ഞിരുന്നു. ഇത് മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒന്നേകാൽ കോടിയിലേറെ രൂപ പ്രതികളിൽ നിന്ന് കണ്ടെടുത്ത സംഘം ബാക്കി കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ്.
അതേസമയം കൊടകര കുഴൽപണക്കേസിൽ ഇതുവരെ ബിജെപി നേതാക്കളെയോ പ്രവർത്തകരെയോ അറസ്റ്റ് ചെയ്യാത്തതിൽ നിന്നും സർക്കാർ വെറുതെ മാധ്യമങ്ങൾക്ക് വാർത്ത നൽകാൻ വേണ്ടി ഓരോരുത്തരെ ചോദ്യം ചെയ്യുമെന്ന് പറയുകയാണെന്ന് ബിജെപി ആരോപിച്ചു.
Post Your Comments