റോം: യൂറോ കപ്പിനുള്ള മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഇസ്രയേലിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തത്. സീസണിൽ മികച്ച ഫോമിൽ തുടരുന്ന ബ്രൂണൊ ഫെർണാണ്ടസാണ് പോർച്ചുഗലിന്റെ വിജയ ശില്പി. മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റും താരം ഇന്ന് പോർച്ചുഗലിനായി നേടി.
ക്ലബ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്ന പ്രകടനം തന്നെയാണ് രാജ്യത്തിന്റെ ജേഴ്സിയിലും ബ്രൂണൊ തുടരുന്നതാണ് ഇന്ന് റോമിൽ കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ 42-ാം മിനിട്ടലായിരുന്നു പോർച്ചുഗലിന്റെ ആദ്യ ഗോൾ പിറന്നത്. ബ്രൂണൊയായിരുന്നു പോർച്ചുഗലിന് ലീഡ് നൽകിയത്.
രണ്ടു മിനിട്ടുകൾക്കകം (44) സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോർച്ചുഗൽ ലീഡ് ഉയർത്തി. ആ ഗോളിനും വഴിയൊരുക്കിയത് ബ്രൂണൊ ആയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലെ 86-ാം മിനിറ്റിൽ കാൻസെലോയിലൂടെ പോർച്ചുഗൽ ലീഡ് മൂന്നാക്കി ഉയർത്തി. കളിയുടെ അവസാന നിമിഷം ബോക്സിന് പുറത്തു നിന്നുള്ള മനോഹര ഷോട്ടിലൂടെയാണ് ബ്രൂണൊ ഫെർണാണ്ടസ് തന്റെ രണ്ടാം ഗോൾ നേടിയത്.
Post Your Comments