തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ ബി.ജെ.പിയെ പരിഹസിച്ച് മുകേഷ് എം.എൽ.എ. സിനിമയുമായി ബന്ധപ്പെടുത്തിയാണ് നടൻ കൂടിയായ മുകേഷ് ബി.ജെ.പിയെ പരിഹസിച്ചത്. 35-36 കൊല്ലം കഴിഞ്ഞിട്ടാണ് മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കേറിയതെന്നും എന്നാല്‍ ഒറ്റ തെരഞ്ഞെടുപ്പോട് കൂടി ബി.ജെ.പി 400 കോടി ക്ലബ്ബിലെത്തിയെന്നുമായിരുന്നു മുകേഷിന്റെ പരിഹാസം.
നിയസഭയിലെ ബജറ്റിന്മേലുള്ള പൊതു ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുകേഷ്. ‘സിനിമകളെപ്പറ്റി പറയുകയാണെങ്കില്‍ 100 കോടി ക്ലബ്ബില്‍ കേറുന്നത് വളരെ പ്രയാസമാണ്. എത്രയോ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ 100 കോടി ക്ലബ്ബില്‍ കേറത്തില്ല. അങ്ങനെ വല്ലപ്പോഴുമൊക്കെയാണ് കേറുന്നത്. 35-36 കൊല്ലം കഴിഞ്ഞിട്ടാണ് മോഹന്‍ലാലിന്റെ ഒരു സിനിമ 100 കോടി ക്ലബ്ബില്‍ കേറിയത്. എന്നാല്‍ ഈ ഒരു ഒറ്റ തിരഞ്ഞെടുപ്പോട് കൂടി ബിജെപി 400 കോടി ക്ലബ്ബിലാണ് കേറിയത്. കുഴലും ഹെലികോപ്റ്ററും ഉപയോഗിച്ചാണ് ബിജെപി 400 കോടി ക്ലബ്ബില്‍ അംഗത്വം നിഷ്പ്രയാസം നേടിയത്’, മുകേഷ് പരിഹസിച്ചു.
അതേസമയം, വിഷയത്തിൽ കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത വാർത്ത അറിഞ്ഞിട്ടുണ്ടാകില്ലായിരിക്കുമെന്ന് മുകേഷിനെ പരിഹസിക്കുന്നവരുമുണ്ട്. കെ.സുരേന്ദ്രനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് കൊടകര കുഴല്‍പ്പണ കേസ് അന്വേഷണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു. നിരവധി ബി.ജെ.പി നേതാക്കളാണ് സുരേന്ദ്രന് പിന്തുണയുമായി രംഗത്തെത്തിയത്.
Post Your Comments