
കോഴിക്കോട്: കഴിഞ്ഞ അഞ്ചുവർഷക്കാലം ബി.ജെ.പിയോട് മൃദുസമീപനം കോൺഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് പാർട്ടിക്കുണ്ടാതായും, അതിനാലാണ് ന്യൂനപക്ഷങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് എതിരായ സമീപനം സ്വീകരിച്ചതെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. ആ പിഴവ് പുതിയ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കേന്ദ്രനയങ്ങൾക്കെതിരെയും ബി.ജെ.പിക്കെതിരെയുമുള്ള നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസ് ആണ് ഏറ്റെടുക്കേണ്ടതെന്നും, പുതിയ നേതൃത്വത്തിന് അതിന് കഴിയും എന്നാണ് തന്റെ വിശ്വാസമെന്നും കെ.മുരളീധരൻ വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം നിലകൊള്ളാനാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ തീരുമാനം എന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിലെ ഗ്രൂപ്പ് അതിപ്രസരത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന പുതിയ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ പരാമർശത്തോട് പൂർണ്ണ പിന്തുണയാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ഗ്രൂപ്പുകൾ ഇല്ലാതായത് സ്വാഗതാർഹമാണ്, അതിന്റെ പേരിൽ പുതിയ ഗ്രൂപ്പുണ്ടാകരുതെന്നും കെ. മുരളീധരൻ പറഞ്ഞു. ജംബോ കമ്മറ്റികൾ പിരിച്ചുവിടുമെന്ന തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു.
Post Your Comments