ദുബായ്: ഡേറ്റിംഗ് ആപ്പ് വഴി വിളിച്ചുവരുത്തിയ യുവാവിനെ ഉപദ്രവിച്ച് പണം തട്ടിയ സംഭവത്തില്‍ ശിക്ഷ വിധിച്ച് കോടതി. സൗദി സ്വദേശിയായ യുവാവിനെ ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഘത്തിന് ദുബായ് കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. നാല് നൈജീരിയന്‍ പൗരന്‍മാര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
37കാരനായ യുവാവാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ മൂന്ന് മണിക്കൂറോളം പൂട്ടിയിട്ട് ഉപദ്രവിച്ചു. യുവാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു.
നാല് നൈജീരിയന്‍ യുവാക്കളാണ് യുവാവിനെ ക്രൂരമായി ഉപദ്രവിച്ചത്. ഇവര്‍ക്കൊപ്പം നാലോ അഞ്ചോ സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞു. മൊബൈല്‍ ഫോണിലുണ്ടായിരുന്ന ബാങ്ക് ആപ്ലിക്കേഷന്‍ തുറക്കാനും ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍ നമ്പര്‍ നല്‍കാനും ആവശ്യപ്പെട്ട് നൈജീരിയന്‍ സംഘം യുവാവിന്റെ കണ്ണിലും ചെവിയിലും മര്‍ദ്ദിച്ചു.
ആദ്യമൊക്കെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് യുവാവ് ഭീഷണിയ്ക്ക് വഴങ്ങി. ഇതോടെ മൂന്ന് യുവതികള്‍ പണം പിന്‍വലിക്കാന്‍ പുറത്തേയ്ക്ക് പോയി. പിന്നീട് മടങ്ങി വന്ന ഇവര്‍ പിന്‍ നമ്പര്‍ തെറ്റാണെന്ന് പറഞ്ഞു. ഇതോടെ വീണ്ടും തന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചെന്ന് യുവാവ് പറഞ്ഞു. ഇതോടെ യുവാവിന് ബോധം നഷ്ടമായി. പിന്നീട് കണ്ണ് തുറക്കുമ്പോള്‍ രണ്ട് പേരാണ് അപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നത്. പിന്നീട് ഇവരെയും കാണാതാകുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞ് യുവാവ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തിറങ്ങി. ഈ സമയം അവിടെ ഒരു പോലീസ് പട്രോള്‍ സംഘം ഉണ്ടായിരുന്നു എന്നും സമാനമായ രീതിയില്‍ പണം നഷ്ടമായ ഒരു ഇന്ത്യക്കാരനായ യുവാവ് പോലീസിനോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത് കണ്ടെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് നൈജീരിയക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments