ജലന്ധർ: ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ സൈന്യം വധിച്ച ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഭിന്ദ്രൻവാലെയെ പ്രകീർത്തിക്കുന്ന തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ മാപ്പ് പറഞ്ഞ് മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ചിത്രത്തിലുള്ള വ്യക്തിയോടോ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടോ തനിക്ക് യോജിപ്പില്ലെന്നും, സംഭവിച്ച തെറ്റ് താൻ അംഗീകരിക്കുന്നതായും ഹർഭജൻ ട്വിറ്ററിൽ വ്യക്തമാക്കി. വാട്സാപ്പ് വഴി ലഭിച്ച സന്ദേശം വേണ്ടത്ര പരിശോധിക്കാതെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണെന്ന് ഹർഭജൻ വിശദീകരിച്ചു.
രാജ്യത്തിനായി പോരാടുന്ന ഒരു സിഖുകാരനാണ് താനെന്നും, ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കില്ലെന്നും ഹർഭജൻ പറഞ്ഞു. ജനങ്ങളുടെ മനോവികാരം വ്രണപ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നതായും, 20 വർഷം രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച താൻ രാജ്യവിരുദ്ധ ശക്തികൾക്ക് പിന്തുണ നൽകില്ലെന്നും ഹർഭജൻ സിംഗ് ട്വിറ്ററിൽ വ്യക്തമാക്കി.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ മുപ്പത്തിയേഴാം വാർഷിക ദിനവുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ട ഖാലിസ്താൻ വിഘടനവാദി നേതാവിനെ പ്രകീർത്തിച്ചുകൊണ്ടുള്ള മെസേജ് ഇൻസ്റ്റാഗ്രാമിൽ ഹർഭജൻ പോസ്റ്റ് ചെയ്തത്. ഭിന്ദ്രൻവാലെയുടെ ചിത്രത്തിനൊപ്പം ‘അഭിമാനത്തോടെ ജീവിച്ചു, മതത്തിന് വേണ്ടി ജീവൻ നൽകി’ എന്ന് കുറിച്ചിട്ടുണ്ടായിരുന്നു. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റും വൻ തോതിൽ പ്രതിഷേധം ഉയർന്നു. വ്യാപക വിമർശനം ഉയർന്നതോടെ ഹർഭജൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറയുകയായിരുന്നു.
My heartfelt apology to my people..?? pic.twitter.com/S44cszY7lh
— Harbhajan Turbanator (@harbhajan_singh) June 7, 2021
Post Your Comments