തിരുവനന്തപുരം: വിവാദ കൊടകര കുഴല്‍പ്പണകേസില്‍ പ്രതികരിച്ച് ബി ജെ പി. കേരളത്തിൽ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് നടക്കുന്നതെന്നും ഞങ്ങളെ ഭയപ്പെടുത്താന്‍ നേക്കേണ്ടെന്നും ബി ജെ പി സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘പിണറായി വിജയന്‍ തോക്കിന്റേയും കുഴലിന്റേയും ഇടയില്‍ പോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ അടിയന്തിരാവസ്ഥാ കാലത്ത് പൊലീസുകാരുടെ മര്‍ദനം ഏറ്റുവാങ്ങിയ പാര്‍ട്ടിയാണ്’- എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പരാതിയുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് രാധാകൃഷ്ണന്‍ ചോദിച്ചു. ‘കേരളത്തിലെ പത്രദൃശ്യമാധ്യമങ്ങളുടെ സഹായത്തോട് കൂടി പി ആര്‍ വര്‍ക്കിന്റെ ഭാഗമായി ബി ജെ പി നേതാക്കളെ വിളിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വിടുന്നത്. ആദ്യം ഘടകക്ഷിയായ ജാനുവിനെ, ഇപ്പോള്‍ സുരേന്ദ്രന്റെ മോനെ പിടിക്കാനുള്ള പരിപാടിയാണ്. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കഞ്ചാവ് കേസില്‍ അകത്താണ്. കോടിയേരിയുടെ പണമിടപാടിനെകുറിച്ചും കമ്പനികളെകുറിച്ചും അന്വേഷിക്കട്ടെ. പാര്‍ട്ടി ഓഫീസിന്റെ പേരില്‍ കമ്പനി തുടങ്ങിയ വ്യക്തിയാണ് പിണറായി വിജയന്റെ മകള്‍ വീണ’- രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
‘രേഖകളുടെ അടിസ്ഥാനത്തിലാണ് പണം കൈകാര്യം ചെയ്തത്. കൊടകര കുഴല്‍പ്പണമാണെങ്കില്‍ ഇഡി അന്വേഷിക്കട്ടെ. ബിജെപിയെ ക്രൂശിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ വ്യാപകമായി നടത്തുന്നത്. എന്ത് വിലകൊടുത്തും ശക്തമായി നേരിടും. അന്വേഷണ സംഘത്തിലെ ഡി വൈ എസ് പി സോജന്‍ വെറുക്കപ്പെട്ട വ്യക്തിയാണ്. എസിപി വികെ രാജു ഇടത് സഹയാത്രികന്‍. പത്താം തിയ്യതി ശക്തമായ പ്രക്ഷോഭം നടക്കും’- എ എന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
Post Your Comments