കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്താകെ ദേശീയ പാര്‍ട്ടി കള്ളപ്പണം ഒഴുക്കിയെന്ന ആരോപണവുമായി സി.പി.എം നേതാവ് എം.വി.ജയരാജന്‍. കൊടകരയിലും ബത്തേരിയിലും നടന്ന കുഴല്‍പ്പണ ഇടപാട് വെളിച്ചത്ത് വന്നത് ബിജെപിയുടെ തമ്മിലടി മൂലമാണെന്ന് അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് പകരം പണാധിപത്യം സൃഷ്ടിച്ച ബിജെപി നടപടികള്‍ നിരവധി തവണ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
Read Also : രണ്ടാം പിണറായി സര്‍ക്കാരിന് മേല്‍ ആദ്യ കരിനിഴല്‍ വീഴ്ത്തി വനം വകുപ്പ്, വിവാദമായത് 15 കോടിയുടെ ഈട്ടിത്തടി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
സുല്‍ത്താന്‍ ബത്തേരിയില്‍ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തില്‍ തട്ടിപ്പും വെട്ടിപ്പും നടന്നുവെന്ന ആക്ഷേപം ബിജെപി നേതാക്കള്‍ തന്നെ ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കയാണ്. സി.കെ ജാനു ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ഉടന്‍ രണ്ടു കാറുകളിലായി ചിലര്‍ കാസര്‍ഗോഡ് പോയിട്ടാണ് ഫണ്ട് കൊണ്ട് വന്നത്. വടകരയിലേക്കും വയനാട്ടിലേക്കും ഒരേ കേന്ദ്രത്തില്‍ നിന്നാണ് ഫണ്ട് അയച്ചത്. ഒന്നേകാല്‍ കോടി രൂപ മണ്ഡലത്തില്‍ എത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ വന്‍തുക പിരിച്ചിട്ടുമുണ്ട്. ചിലവഴിച്ചതാവട്ടെ കേവലം 15 ലക്ഷം രൂപ മാത്രം. ഡിജിറ്റലായി മാത്രമാണ് പണം ചിലവഴിച്ചത് എന്ന് പറയുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പണം എങ്ങനെയാണ് ലഭിച്ചത് എന്ന് പറയുന്നില്ല. പണം ലഭിച്ചത് ഏതായാലും ഡിജിറ്റലായിട്ടല്ല.
ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന ജാനു മത്സരിച്ചത് താമര ചിഹ്നത്തിലാണ്. ഫണ്ട് തിരിമറിയില്‍ സ്ഥാനാര്‍ത്ഥിക്കും പങ്കുണ്ടെന്ന് ജെആര്‍പി അന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് ജാനുവിനെ പുറത്താക്കി. ഇപ്പോള്‍ തര്‍ക്കം ജെആര്‍പി യില്‍ അല്ല ബിജെപി യില്‍ ആണ്. ബിജെപിയുടെ നിയോജക മണ്ഡലം നേതാക്കളും ജില്ലാ നേതാക്കളില്‍ ഇരു വിഭാഗവും കുഴല്‍പ്പണ ഇടപാടില്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
കൊടകരയിലും ബത്തേരിയിലും നടന്ന കുഴല്‍പ്പണ ഇടപാട് മാത്രമേ പുറംലോകം അറിഞ്ഞിട്ടുള്ളൂ. രണ്ടിടത്തും ബിജെപിയുടെ തമ്മിലടി മൂലമാണ് ഇക്കാര്യം പുറത്തായത്. സംസ്ഥാനത്താകെ ബിജെപി കള്ളപ്പണം ഒഴുക്കിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണം. ജനാധിപത്യത്തിന് പകരം പണാധിപത്യം സൃഷ്ടിച്ച ബിജെപി നടപടികള്‍ നിരവധി തവണ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്.
Post Your Comments