തിരുവനന്തപുരം: സംസ്‌ഥാനത്ത് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കുന്നത് പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കാനൊരുങ്ങി പിണറായി സർക്കാർ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായമറിഞ്ഞ ശേഷം അന്തിമതീരുമാനം എടുക്കുമെന്ന സൂചനയാണ് നൽകുന്നത്. നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ പരിശോധിച്ച് സ്കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കാമെന്ന നിര്‍ദേശത്തോട് എല്ലാവരും യോജിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
മുസ്ലീം സമുദായത്തിന് 80 ശതമാനം നല്‍കിയത് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാർ പുനരാലോചനക്ക് നീങ്ങിയത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് സംസ്ഥാനത്ത് നടപ്പാക്കാന്‍ നിയോഗിച്ച പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം 80–20 ആയി നിശ്ചയിച്ചത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റു സംസ്ഥാനങ്ങളില്‍ എങ്ങനെ നടപ്പാക്കി എന്നത് വീണ്ടും പഠിക്കണമെന്നാണ് സിപിഎം നിലപാട്. നിലവിലുണ്ടായിരുന്ന 80–20 അനുപാതം സ്കോളര്‍ഷിപ്പ് ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു. വിധി നടപ്പാക്കാനാവശ്യപ്പെട്ട് ആരെങ്കിലും കോടതിയേ സമീപിച്ചാല്‍ പുതിയ സമിതിയെ നിയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് സാവകാശം തേടാനാകും.
Read Also: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിജയം; കെഎസ്ആർടിസി ഇനി കേരളത്തിന്റേത് മാത്രം
അതേസമയം നിലവിലെ വിധി നടപ്പാക്കുകയോ വിധിക്കെതിരെ അപ്പീലു പോവുകയോ ചെയ്യുന്നത് ഉചിതമല്ലെന്നാണ് ഇടതുമുന്നണിയിലെ പൊതുവികാരം. സാമൂഹിക സാഹചര്യം മാറിയതിനാല്‍ നിലവിലെ സ്ഥിതി മനസിലാക്കാതെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നിശ്ചയിക്കാനാവില്ല. ഇതിനായി പുതിയ ഒരു സമിതിയെ നിയോഗിക്കാനാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. നിയമവിദഗ്ദ്ധരും സാമുദായിക പ്രാതിനിധ്യമുള്ള രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്ന സമിതിയാണ് മുഖ്യപരിഗണനയിലുള്ളത്.
Post Your Comments