തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനു പത്തുലക്ഷം രൂപ വാങ്ങിയെന്ന ആരോപണവുമായി പ്രസീത രംഗത്ത് വന്നത് വലിയ ചർച്ചയായി. തിരുവനന്തപുരത്ത് വച്ച് പണം കൈമാറിയത് താന്‍ കണ്ടുവെന്നാണ് പ്രസീത മാധ്യമങ്ങളോട് നേരത്തെ പറഞ്ഞത്. എന്നാല്‍ ഈ ആരോപണങ്ങൾ നിന്നും മലക്കം മറിഞ്ഞിരിക്കുകയാണ് പ്രസീത.
ഇന്നു മാതൃഭൂമി ന്യൂസ് ചാനലില്‍ നടന്ന ചര്‍ച്ചയിൽ പണം കൈമാറിയത് താന്‍ കണ്ടിട്ടില്ലെന്നും ഇതേക്കുറിച്ച് അറിയില്ലെന്നുമാണ് പ്രസീത പ്രതികരിച്ചത്. കെ സുരേന്ദ്രനില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന ജെആര്‍പി നേതാക്കളുടെ ആരോപണങ്ങള്‍ക്കെതിരെ സികെ ജാനു ഒരു കോടി രൂപയുടെ നഷ്ട് പരിഹാര കേസ് നല്‍കിയിരുന്നു. ഇതോടെയാണ് പ്രസീത ആരോപണങ്ങളില്‍ നിന്ന് മലക്കം മറിഞ്ഞത്.
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച ജാനു ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ, ട്രഷറര്‍ പ്രസീത എന്നിവര്‍ക്കെതിരെ കേസ് നല്‍കി. തനിക്ക് വര്‍ധിച്ചു വരുന്ന ജനപിന്തുണയിലും രാഷ്ട്രീയ പിന്തുണയിലും വിറളി പൂണ്ടവരാണ് സമൂഹ, ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രകാശന്‍ മൊറാഴ ജെആര്‍പിയുടെ സംസ്ഥാന സെക്രട്ടറി അല്ലെന്നും ജാനു പറയുന്നു. പാർട്ടിയുടെ ലെറ്റര്‍ പാഡും, സീലും വ്യാജമായി നിര്‍മിച്ചുണ്ടാക്കി തനിക്കെതിരെ ഉപയോഗിക്കുകയിരുന്നുവെന്നും ജാനു വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കി. ഈ പ്രചാരണങ്ങളെല്ലാം അവസാനിപ്പിച്ചു നോട്ടീസ് ലഭിച്ചു ഏഴ് ദിവസത്തിനകം കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ പത്ര സമ്മേളനം വിളിക്കുകയും ആരോപണങ്ങള്‍ പിന്‍വലിച്ചു പരസ്യമായി ഖേദ പ്രകടനം നടത്തണം. അല്ലാത്ത പക്ഷം ദുഷ്‌കീര്‍ത്തിയ്ക്കും, മാനഹാനിയ്ക്കും നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും, അല്ലാത്ത പക്ഷം സിവില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജാനു നോട്ടീസില്‍ വ്യക്തമാക്കി
Post Your Comments