കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുതിര്‍ന്ന നേതാവും പാര്‍ട്ടി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന്‍. ഇപ്പോള്‍ പാര്‍ട്ടിയുടെ അവസ്ഥ ശ്രീധരന്‍പിള്ളയുടെ കാലത്തേക്ക് പോയിരിക്കുന്നു. താഴേത്തട്ടില്‍ ചര്‍ച്ച വേണമെന്ന തന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും മുകുന്ദന്‍ പറഞ്ഞു. ‘മാതൃഭൂമി ന്യൂസിന്’ അനുവദിച്ച അഭിമുഖത്തിലാണ് പി.പി മുകുന്ദന്‍ ഇക്കാര്യം പറഞ്ഞത്.
35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്നും ലീഗിനെ ക്ഷണിക്കുകയുമൊക്കെ ചെയ്ത നേതൃത്വത്തിന്റെ പ്രസ്താവനകള്‍ അണികളെ ആശയക്കുഴപ്പത്തിലാക്കി. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും കിട്ടാത്ത സ്ഥിതിയുമുണ്ടായെന്നും മുകുന്ദന്‍ ആരോപിച്ചു. “ആദര്‍ശത്തോടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പലരും ഇപ്പോള്‍ മാറിനില്‍ക്കുകയാണ്. കെ.സുരേന്ദ്രന്‍ പ്രസിഡന്റായശേഷം കണ്ണൂരില്‍ വന്നപ്പോള്‍ എന്നെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ടില്ല. പ്രവര്‍ത്തകരുടെ വിഷമം മാറ്റിയെടുക്കാന്‍ നേതൃത്വത്തിന് കഴിയണം”-അദ്ദേഹം പറഞ്ഞു.
“രണ്ടടി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഒരടി പിന്നോട്ടുവരുന്ന അവസ്ഥയാണ് പാര്‍ട്ടിയുടേത്. ഇത് സംഘടനയെ അടിമുടി ബാധിച്ചുകഴിഞ്ഞു. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര നേതൃത്വത്തിനറിയാം. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. ചില കാര്യങ്ങളില്‍ വിശദീകരണങ്ങള്‍ തേടാനായി തന്നെ കേന്ദ്ര നേതൃത്വം ബന്ധപ്പെട്ടിരുന്നു” – മുകുന്ദൻ പറയുന്നു.
Post Your Comments