ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ ഐ.ടി. ചട്ടം തങ്ങൾക്ക് ബാധകമല്ലെന്ന് ഗൂഗിൾ. സെർച്ച് എൻജിൻ മാത്രമായതിനാൽ ഐടി ചട്ടം ബാധകമല്ലെന്നാണ് ഗൂഗിൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. തങ്ങൾ ഇടനിലക്കാരാണെങ്കിലും സാമൂഹിക മാദ്ധ്യമ ഇടനിലക്കാരല്ലെന്നും ഗൂഗിൾ പറയുന്നു.
കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗൂഗിൾ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീയുടെ ചിത്രം അശ്ലീല വെബ്സൈറ്റിൽ നിന്ന് നീക്കാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഗൂഗിൾ പൂർണമായും നീക്കിയില്ലെന്ന പരാതിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഏപ്രിൽ 20 നാണ് സ്ത്രീയുടെ ചിത്രം നീക്കാൻ ഗൂഗിളിനോട് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്.
വേൾഡ് വൈഡ് വെബ്ബിൽ നിന്ന് ചിത്രം പൂർണമായും നീക്കിയിട്ടില്ലെന്നും മറ്റുപല വെബ്സൈറ്റുകളിലും ചിത്രം പോസ്റ്റ് ചെയ്തുവരുകയാണെന്നുമായിരുന്നു സ്ത്രീയുടെ പരാതി. തങ്ങൾ സാമൂഹിക മാദ്ധ്യമ ഇടനിലക്കാരാണെന്ന സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം റദ്ദാക്കണമെന്നാണ് ഗൂഗിളിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്. ഡൽഹി സർക്കാർ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഫേയ്സ്ബുക്ക്, അശ്ലീല വെബ്സൈറ്റ്, പരാതിക്കാരി എന്നിവരോടും ഡിവിഷൻ ബെഞ്ച് മറുപടി അറിയിക്കാൻ ആവശ്യപ്പെട്ടു. ജൂലായ് 25-ന് കേസ് വീണ്ടും പരിഗണിക്കും.
Post Your Comments