ന്യൂഡല്‍ഹി : വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ഇനി മുതല്‍ മാതൃകാ വാടക നിയമ ചട്ടപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് കേന്ദ്രത്തിന്റെ ഉത്തരവ്. മാതൃക വാടക നിയമത്തിന് കേന്ദ്രം അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് പുതിയ ഉത്തരവ് . വിപണിയധിഷ്ഠിതമായി വീടുകള്‍ വാടകയ്ക്കു നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ചട്ടങ്ങളാണ് പുതിയ നിയമത്തിലുള്ളത്. രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സ്വതന്ത്ര അതോറിറ്റി സംസ്ഥാനങ്ങളില്‍ രൂപീകരിക്കണമെന്ന് നിയമം ശുപാര്‍ശ ചെയ്യുന്നു.
തര്‍ക്ക പരിഹാരത്തിനു പ്രത്യേക കോടതികള്‍ വേണം. താമസ ആവശ്യത്തിനാണെങ്കില്‍ 2 മാസത്തെ വാടകയേ മുന്‍കൂര്‍ ഡെപ്പോസിറ്റായി വാങ്ങാവൂ. താമസ ആവശ്യത്തിനല്ലെങ്കില്‍ 6 മാസത്തെ വാടക മുന്‍കൂറായി വാങ്ങാം. കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി മാത്രമേ വാടക കൂട്ടാന്‍ കഴിയൂ. അല്ലെങ്കില്‍ മൂന്ന് മാസം മുന്‍പ് രേഖാമൂലം അറിയിക്കണം.
വാടകയ്ക്ക് കൃത്യമായ കരാര്‍ വേണമെന്നും ഓരോ വര്‍ഷവും വാടകയില്‍ വരുത്തുന്ന വര്‍ധന, കുടിയിറക്കല്‍ തുടങ്ങിയവയെക്കുറിച്ചും നിയമത്തില്‍ പറയുന്നുണ്ട്. അറ്റകുറ്റപ്പണിക്കെന്ന പേരിലായാലും 24 മണിക്കൂര്‍ മുന്‍പ് അറിയിച്ചശേഷമേ വാടക വീടുകളില്‍ ഉടമകള്‍ പ്രവേശിക്കാവൂയെന്നും നിയമം അനുശാസിക്കുന്നു.
Post Your Comments