അഗളി (പാലക്കാട്): ഓൺലൈൻ പ്രവേശനോത്സവത്തിന് ഇന്ന് മുഖ്യമന്ത്രി തിരി തെളിച്ചിട്ടും അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഇപ്പോഴും ഇരുട്ട് തന്നെയാണ്. ഇതുവരേയ്ക്കും ഊരുകളിൽ പഠന സൗകര്യമെത്തിയിട്ടില്ല. പുതൂര്‍ ഗ്രാമപഞ്ചായത്തിലെ ഗോത്ര വിഭാഗമായ കുറുംബര്‍ താമസിച്ചു വരുന്ന മേഖലകളിലാണ് പഠനത്തിന് പ്രതിസന്ധി. സ്കൂള്‍ തുറക്കുന്നതിന് മുൻപായി വേണ്ടത്ര ക്രമീകരണങ്ങള്‍ അധികൃതര്‍ നടപ്പാക്കാത്തതാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനം അന്യമാകാന്‍ ഇടവരുത്തിയത്. എല്ലാവരും പഠിക്കുമ്പോൾ ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസം മാത്രം ഇപ്പോഴും സർക്കാരിന്റെ ചുവന്ന ചരടുകളിൽ കുരുങ്ങിക്കിടക്കുകയാണ്.
Also Read:ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ട: മുഖ്യമന്ത്രി
കുറുംബ മേഖലയിൽ 19 ആദിവാസി ഊരുകളാണ് ഉള്ളത്. ഇതില്‍ കൂടുതല്‍ ഇടങ്ങളിലും കഴിഞ്ഞ വര്‍ഷം സന്നദ്ധ സംഘടനകളുടെയും ഐ.ടി.ഡി.പിയുടെയും ശ്രമഫലമായി കുട്ടികളുടെ പഠനത്തിനായി ടെലിവിഷന്‍ അടക്കമുളള സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, നിലവില്‍ പലയിടങ്ങളിലും ഇവ തകരാറിലാണ്. അവ നേരെയാക്കാനുള്ള ശ്രമങ്ങൾ ഒന്നും തന്നെ അധികാരികളിൽ നിന്നും ഉണ്ടായിട്ടില്ല.
വൈദ്യുതിയും ഇന്റര്‍നെറ്റും കടന്നുചെല്ലാത്ത മേഖല ആയതിനാല്‍ ഡിഷ് ആന്റിനയും സോളാര്‍ പാനലും ഒരുക്കിയാണ് ടി.വി പ്രവര്‍ത്തിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ പാഠ്യകാലം കഴിഞ്ഞതോടെ റീചാര്‍ജ് ചെയ്യാത്തത് കാരണം നിലവില്‍ ടി വികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല.
കാലപ്പഴക്കത്തില്‍ ബാറ്ററികള്‍ ബൂസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇതെല്ലാം ചെയ്യേണ്ടത് ഐ.ടി.ഡി.പി ആണെന്നിരിക്കെ അധികൃതരുടെ മെല്ലെപ്പോക്കിനെതിരെ പ്രതിഷേധമുയരുകയാണ്. ഊരുകളില്‍ കുട്ടികള്‍ക്ക് സഹായകമാകേണ്ട ഓണ്‍ലൈന്‍ ഫെസിലിറ്റേറ്റര്‍മാര്‍ പല ഊരുകളിലും ഇല്ല. ഇവരെ പുനര്വിന്യസിപ്പിക്കേണ്ട ജോലിയും എങ്ങുമെത്തിയിട്ടില്ല. ചിണ്ടക്കി കേന്ദ്രീകരിച്ച് മൊബൈല്‍ ടവര്‍ സ്ഥാപിക്കണമെന്ന ഊരുവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല.
മൊബൈല്‍ ടവര്‍ സ്ഥാപിതമായാല് ആനവായ്, ഗലസി, സൈലന്റ്വാലി മേഖലകളില്‍ ഇന്റര്‍നെറ്റ് സൗകര്യം സാധ്യമാകും. കുറുംബ മേഖലകളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള നടപടികളും ഉണ്ടാകേണ്ടതുണ്ട്. സൈലന്റ്വാലി കരുതല്‍ മേഖല ആയതിനാല്‍ ഭൂമിക്ക് അടിയിലൂടെ കേബിള്‍ വഴി ഇവിടേക്ക് വൈദ്യുതി എത്തിക്കണമെന്നാണ് ആവശ്യമുയരുന്നത്. പഠന സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ചിണ്ടക്കിയില്‍ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച തങ്ങളുടെ ഊരിനു മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി.
നാട് മുഴുവൻ വെളിച്ചം കൊണ്ട് കത്തുമ്പോൾ ആദിവാസി ഊരുകളിൽ ഇപ്പോഴും ഇരുട്ട് കനക്കുന്നു. അധികാരികളെല്ലാം കൊട്ടിഘോഷിച്ച പദ്ധതികൾ ഒക്കെ മുടങ്ങിക്കിടക്കുന്നു. അവർക്കും പഠിക്കണം, അവരും വളരണം. നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധങ്ങൾ ശക്തമാകുന്നുണ്ട്. അധികാരികളുടെ നോട്ടം അട്ടപ്പാടിയിലുമെത്തണം. അവിടെയും വെളിച്ചം നിറയണം.
വിദ്യാഭ്യാസം മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അതിനെ ഏത് പ്രതിസന്ധി ഘട്ടത്തിലും സംരക്ഷിക്കേണ്ടതുണ്ട്. പുതിയ ലോകം കുഞ്ഞുങ്ങളുടേത് തന്നെയാണ്. അവർക്ക് വളരാൻ, പഠിക്കാൻ, അറിയാൻ നമുക്കാവുന്നതൊക്കെ ചുറ്റിലും സൃഷ്ടിക്കുക.
#പഠിച്ചു വളരട്ടെ കുട്ടികൾ
Post Your Comments