ലോക്കോ പൈലറ്റായ അബ്ദുള്‍ റാസിക് കുളങ്ങര 15 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ചർച്ചയാകുന്നു. ബാംഗ്ലൂരില്‍ നിന്നും പുറപ്പെട്ട ലാല്‍ബാഗ് എക്സ്പ്രസ് മുകുന്ദരായപുരം സ്റ്റേഷനില്‍ കൂടി കടന്ന് വരുമ്പോൾ ഉണ്ടായ ഒരു സംഭവമാണ് കുറിപ്പിലൂടെ പങ്കുവച്ചത്.
കുറിപ്പ് പൂർണ്ണരൂപം
ലോകോ പൈലറ്റാണ്, നമ്മുടെ കോഴിക്കോടാണ്, വാസ്കോഡ ഗാമ കപ്പലിറങ്ങിയ കാപ്പാടിനടുത്താണ്, തച്ചോളി ഒതേനന്‍ നീന്തി കടന്ന കോരപ്പുഴയുടെ തീരത്താണ്, എന്നോടൊപ്പം എന്‍്റെ ചില ഓര്‍മ്മകളേയും പരിചയപ്പെടുത്തട്ടെ. ജീവന്‍്റെ വിലയുള്ള യാത്ര. നല്ല തണുപ്പുള്ള ദിവസം രാവിലെ എഴുന്നേറ്റ് ബാംഗ്ലൂരിലെ തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നാലോചിക്കുമ്ബോള്‍ തന്നെ കുളിര് കോരിയിടും ‘ബാംഗ്ലൂരില്‍ നിന്ന് രാവിലെ പുറപ്പെടാനുള്ള ലാല്‍ബാഗ് എക്സ്പ്രസിനെ ചലിപ്പിക്കാനുള്ള തയാറെടുപ്പിനായി കുളിച്ച് യൂണിഫോം ധരിച്ച് തൂവെള്ള ഇഡ്ലിയും കഴിച്ച് ബാഗുമെടുത്ത് വണ്ടിയില്‍ കയറി.
ബാംഗ്ലൂരിന്‍്റെ മഞ്ഞും മലകളും കടന്ന് ജോലാര്‍പേട്ടയും പിന്നിട്ട് വണ്ടി കാട്പാടി റെയില്‍വെ സ്റ്റേഷനില്‍ ‘ അവിടെ നിന്ന് ഞങ്ങളുടെ കൂടെ ഒരു ഓഫീസര്‍ കൂടി കാബിനില്‍ കയറി ‘വണ്ടി മുകുന്ദരായപുരം സ്റ്റേഷനില്‍ കൂടി കടന്ന് പോയപ്പോള്‍ ഏകദേശം സാധാരണ ഓടുന്ന വേഗത 110 km/H ല്‍ നിന്ന് 30 km/H ലേക്ക് മാറിയിരുന്നു. നേരത്തെ അറിയിപ്പ് ലഭിച്ച പ്രകാരം വര്‍ക്ക് നടക്കുന്ന സ്ഥലം ആയത് കൊണ്ടായിരുന്നു അത്. വര്‍ക്ക് സ്പോട്ടും കടന്ന് വണ്ടി അതിന്‍്റെ വേഗത വര്‍ദ്ധിപ്പിച്ച് കൊണ്ട് മുന്നോട്ട് പോവുമ്ബോള്‍ അങ്ങ് ദൂരെ ഒരു നിഴല്‍ പോലെ ഒരാള്‍ ട്രാക്കിലൂടെ നടന്ന് വരുന്നത് കണ്ടു. ഏകദേശം വേഗത 70 km/h ആയി കാണും. ഞങ്ങള്‍ ഏതായാലും പതിവ് പോലെ ഹോണ്‍ ഉച്ചത്തില്‍ അടിക്കാന്‍ തുടങ്ങി നടന്ന് വരുന്ന ആള്‍ പതുക്കെ ഞങ്ങളെ ലക്ഷ്യമാക്കി ഓടുന്നത് പോലെ തോന്നി പിറകെ റെയില്‍വേ ഗേറ്റില്‍ നിന്നും ഒരാള്‍ കൊടിയും പിടിച്ച് ഓടുന്നതും കാണാം. ട്രാക്കിലൂടെ ഓടുന്നത് ഒരു സ്ത്രീയാണെന്ന് അപ്പോഴേക്കും മനസ്സിലായിരുന്നു.
പന്തികേട് മനസ്സിലായപ്പോള്‍ എമര്‍ജന്‍സി ബ്രേക്കിലേക്ക് കൈ ചലിപ്പിച്ചു. വണ്ടി അവളോട് അടുത്ത് കൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ചെയ്യാവുന്ന രണ്ട് കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു എന്ന് മനസ്സിലാക്കി എന്തും പ്രതീക്ഷിച്ച് കാത്തിരുന്നു. വണ്ടി സ്പീഡ് കുറയുന്നുണ്ടെങ്കിലും അവളെയും കടന്ന് പോവും എന്ന് മനസ്സിലാക്കിയ ഞങ്ങളുടെ കൂടെയുള്ള ഓഫീസര്‍ കാണാതിരിക്കാന്‍ മുഖം തിരിച്ച് ഭിത്തിയിലമര്‍ത്തി നിന്നു.
മുന്നോട്ട് നോക്കി തന്നെ നിന്ന ഞങ്ങള്‍ കണ്ടത് മറ്റൊരു കാര്യമായിരുന്നു. അവള്‍ അവളുടെ കയ്യില്‍ സാരിയാല്‍ പൊതിഞ്ഞ് മറച്ച് വച്ചിരുന്ന വെള്ള തുണിയോട് കൂടി പുതപ്പിച്ച് ഒരു ചോര കുഞ്ഞിനെ ട്രാക്കിലേക്ക് എടുത്ത് വയ്ക്കുകയാണ്. ദൈവത്തിന്‍്റെ ഉള്‍വിളിയോ എന്തോ അവള്‍ പ്രതീക്ഷിച്ച വേഗതയില്ലാതിരുന്ന വണ്ടി അവള്‍ നില്‍ക്കുന്ന ഇടം കടന്ന് പോവാതെ നില്‍ക്കും എന്ന് മനസ്സില്‍ തോന്നിയ അവള്‍ കുഞ്ഞിനെ ട്രാക്കില്‍ നിന്ന് തിരിച്ചെടുത്ത് ഓടുന്നു. യഥാര്‍ത്ഥത്തില്‍ അവള്‍ അവിടെ തന്നെ നില്‍ക്കുകയായിരുന്നെങ്കില്‍ അവളെയും ആ കുട്ടിയേയും കടന്ന് പോയേനെ. അവള്‍ നിന്നിടത്ത് നിന്ന് ഏകദേശം 100 മീറ്റര്‍ കടന്നാണ് വണ്ടി നിന്നത്. എഞ്ചിനിടയില്‍ നിന്നും കോച്ചിനടിയില്‍ നിന്നും രണ്ട് ശവശരീരങ്ങള്‍ പെറുക്കിയെടുക്കേണ്ടി വരുന്ന കാര്യം മനസ്സില്‍ കടന്നുവന്ന ഞാന്‍ അവര്‍ താല്കാലികമായി രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കി നെടുവീര്‍പ്പിട്ടു. വണ്ടി നിന്നപ്പോള്‍ മുഖം ഉയര്‍ത്തി ഓഫീസര്‍ ചോദിച്ചു,’എന്തായി?’ തല്കാലം രക്ഷപ്പെട്ടു സര്‍ ഇതായിരുന്നു എന്‍്റെ മറുപടി പിറകെ ഓടി വന്ന ഗേറ്റ് കീപ്പര്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
അതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി അവള്‍ രാവിലെ മുതല്‍ സാഹചര്യം ഒത്ത് വന്നാല്‍ മരിക്കാനായി നില്‍ക്കുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ യാത്ര തുടര്‍ന്നു മരണപ്പെട്ടാലും രക്ഷപ്പെട്ടാലും നിസ്സംഗഭാവത്തില്‍ ജോലി തുടരേണ്ടത് തന്നെ. അവളും കുഞ്ഞും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. എങ്കിലും ഏകദേശം 15 വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള ചില ഓര്‍മ്മകള്‍ മരിക്കാതെ കിടക്കുന്നു.
Post Your Comments