ലക്‌നൗ: അധികാരത്തില്‍ വരുമ്പോള്‍ ഉള്ളുപൊള്ളയായ ഒരു ഇന്ത്യയെയാണ് മോദി സർക്കാരിന് കിട്ടിയതെന്നും, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് അടിസ്ഥാന സൗകര്യങ്ങളിലെ വികസനവും ജനങ്ങൾക്ക് തുല്യ അവകാശവും കിട്ടിയെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിതാപൂരിലെ ഗ്രാമീണരോടാണ് യുപി മുഖ്യമന്ത്രി കേന്ദ്രസർക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്.
മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തില്‍ വരുമ്പോള്‍ ഉള്ളുപൊള്ളയായ, ആഭ്യന്തരപ്രശ്‌നങ്ങള്‍ നിറഞ്ഞ ഒരു ഇന്ത്യയെയാണ് അദ്ദേഹത്തിന്റെ കയ്യില്‍ കിട്ടുന്നതെന്നും, രാജ്യത്ത് വിഘടനവാദം, ഭീകരവാദം, അഴിമതി എന്നിവ ഉച്ചസ്ഥായിയിലായിരുന്നുവെന്നും യോഗി പറഞ്ഞു. ജാതിയുടെ പേരിലുള്ള അക്രമങ്ങൾ രൂക്ഷമായിരുന്ന അക്കാലത്ത് വികസനം കുറച്ച് ആളുകളിലേക്ക് മാത്രം ഒതുങ്ങിപ്പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്കാലത്ത് രാജ്യമൊട്ടാകെ അരാജകാവസ്ഥയായിരുന്നുവെന്നും ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ വേദികളില്‍ ബഹുമാനം കിട്ടിയിരുന്നില്ലെന്നും യോഗി വ്യക്തമാക്കി.
ഇതാണോ സാമൂഹിക അകലം? നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ആരോഗ്യ മന്ത്രി, നേതാക്കളുടെ ചിത്രം വൈറൽ
എന്നാല്‍ മോദി അധികാരത്തിൽ വന്നതോടെ രാജ്യത്തെ പൗരന്മാര്‍ക്ക് വിവേചനങ്ങൾ ഇല്ലാതെ എല്ലാ പദ്ധതികളിലും തുല്യ അവകാശം നല്‍കിയെന്നും, അടിസ്ഥാന സൗകര്യങ്ങളായ ഹൈവേകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍ എല്ലാം വികസിപ്പിച്ചുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അമ്പത് വർഷത്തിലധികം രാജ്യം ഭരിച്ചവര്‍ രാജ്യത്തിന് ഒരു എയിംസ് നല്‍കിയപ്പോള്‍ മോദി സർക്കാർ 22 പുതിയ എയിംസ് രാജ്യത്തിന് നല്‍കിയെന്നും, രാജ്യത്ത് 300 മെഡിക്കല്‍ കോളജുകൾ സ്ഥാപിച്ചുവെന്നും യോഗി വ്യക്തമാക്കി.
കേന്ദ്ര പദ്ധതികളിൽ അനുവദിക്കപ്പെടുന്ന പണം തൊഴിലാളികള്‍ക്ക് നേരിട്ട് ബാങ്കില്‍ നൽകാൻ തുടങ്ങിയതോടെ ഇടനിലക്കാര്‍ക്ക് പണം തട്ടാന്‍ കഴിയാത്ത അവസ്ഥയുണ്ടായെന്നും, കോവിഡ് വ്യാപനത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രധാനമന്ത്രി പരിശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments