ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. ഇതിന്റെ ഭാഗമായി തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.
24 മണിക്കൂറിനിടെ 86 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24,237 ആയി. കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറില്‍ താഴെയാണ്. അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തി. കഴിഞ്ഞ ഏതാനും നാളുകളായി ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 36.2 ശതമാനമാണ് ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,622 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,90,963 ആയി ഉയര്‍ന്നു. 14,26,240 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഡല്‍ഹിയില്‍ 11,040 പേരാണ് നിലവില്‍ വിവിധയിടങ്ങളില്‍ ചികിത്സയിലുള്ളത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് ഡല്‍ഹി മോചിതമാകുന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments