ഭോപ്പാൽ: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ(എഫ്സിഐ)യിലെ ക്ലർക്കിന്റെ വീട്ടിൽ നിന്ന് സിബിഐ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും കിലോക്കണക്കിന് സ്വർണാഭരണങ്ങളും. മദ്ധ്യപ്രദേശിലാണ് സംഭവം. രണ്ട് കോടിയിലധികം രൂപയും എട്ട് കിലോ സ്വർണാഭരണങ്ങളുമാണ് സി.ബി.ഐ ക്ലർക്കിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. ഇയാളുടെ വീട്ടിൽ നിന്ന് നോട്ടെണ്ണൽ യന്ത്രവും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ക്ലർക്കായ കിഷോർ മീണയുടെ വീട്ടിലാണ് സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നാല് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് കോടിക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങളും കണ്ടെത്തിയിരിക്കുന്നത്.
ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സെക്യൂരിറ്റി കമ്പനിയാണ് എഫ്‌സിഐ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടി സി.ബി.ഐയ്ക്ക് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഡിവിഷണൽ മാനേജർ ഹരിഷ് ഹിനോനിയ, മാനേജർമാരായ അരുൺ ശ്രീവാസ്തവ, മോഹൻ പരറ്റെ, കിഷോർ മീണ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തത്.
Post Your Comments