KeralaLatest NewsNews

ജയിൽ സുഖവാസകേന്ദ്രമോ? സ്വർണക്കടത്ത് പ്രതികൾക്ക് മീനും മട്ടനും പോരാ, ചിക്കനും ബിരിയാണിയും വേണം!

1200 രൂപ മാസം ചെലവഴിക്കാൻ എല്ലാ തടവുകാർക്കും അനുവാദം.

തിരുവനന്തപുരം: സ്വണക്കടത്ത് പ്രതികൾക്ക് മീനും മട്ടനും പോരാ പകരം ചിക്കനും ബിരിയാണിയും വേണം. പരിധിയില്ലാതെ ഭക്ഷണം വേണമെന്നും കോഫെപോസ തടവുകാരുടെ ആവശ്യം. എന്നാൽ ആവശ്യം പറ്റില്ലെന്നു ജയിൽ വകുപ്പ്. വിഷയം കോടതി കയറി. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതികൾ അടക്കം 8 പേരാണു കോഫെപോസ കരുതൽ തടങ്കലിൽ പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്. പി.എസ്.സരിത്, കെ.ടി.റമീസ്, റബിൻസ്, ഹമീദ്, സന്ദീപ് നായർ, എ.എം. ജലാൽ, മൊഹസിൻ, മുഹമ്മദ് ഷാഫി എന്നിവർ. അതേസമയം ഇവർക്കു ദിവസവുമുള്ള സൗജന്യ ജയിൽ ഭക്ഷണത്തിനു പുറമേ മാസം 1200 രൂപയ്ക്കു ജയിൽ കന്റീനിൽ നിന്നു പാഴ്സൽ വാങ്ങാനും അനുമതിയുണ്ട്. എന്നാൽ ഈ തുക സ്വന്തം അക്കൗണ്ടിൽ നിന്നാണ് ഇവർ ചെലവിടുന്നത്. തങ്ങൾക്കു ഭക്ഷണം വാങ്ങാൻ 1200 രൂപ പോരെന്നും പരിധിയില്ലാതെ പണം ചെലവിട്ടു ഭക്ഷണം വാങ്ങാൻ അനുവദിക്കണമെന്നും റമീസും റബിൻസുമടക്കം 3 പേർ ഏപ്രിൽ അവസാനം അഭിഭാഷകൻ മുഖേന കത്ത് നൽകി. മറ്റൊരു പ്രതി വക്കീൽ നോട്ടിസ് നൽകി. എന്നാൽ ജയിലിലെ എല്ലാ പ്രതികൾക്കും സൗജന്യ ഭക്ഷണത്തിനു പുറമേ പ്രതിമാസം 1200 രൂപ ചെലവഴിക്കാൻ മാത്രമേ അവകാശമുള്ളൂ എന്ന് ജയിൽ അധികൃതർ മറുപടി നൽകി.

കോഫെപോസ പ്രതികൾക്കു മാത്രം പ്രത്യേക ഇളവു പറ്റില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് 3 പ്രതികളുടെ ബന്ധുക്കൾ അഭിഭാഷകർ മുഖേന ഹൈക്കോടതിയെ സമീപിച്ചു. കോടതിയെയും ഇതേ നിലപാടു ജയിൽ വകുപ്പ് അറിയിച്ചു. ജയിലിലെ എ, ബി സ്പെഷൽ ബ്ലോക്കുകളിലാണു കോഫെപോസ പ്രതികൾ. ഓരോ ബ്ലോക്കിലും നാലഞ്ചു സെൽ. ഒരു സെല്ലിൽ 2 പേർ വീതം. ഇതേ ബ്ലോക്കിലാണു കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ. ഇവിടെ കഴിയുന്ന മറ്റൊരു പ്രതിയുടെ പേരിൽ ഇവർ പുറത്തു നിന്നു മണി ഓർഡറായി പണം അയപ്പിച്ചു. ശേഷം അതുപയോഗിച്ചു പാഴ്സലായി യഥേഷ്ടം ബിരിയാണിയും ചിക്കനും പൊറോട്ടയുമെല്ലാം ദിവസവും വാങ്ങിയതായി അധികൃതർ കണ്ടെത്തി. നോൺ വെജ് ഇല്ലാത്ത ദിവസത്തെ സൗജന്യ ഭക്ഷണം ചിലർ കളയുന്നതായും കണ്ടെത്തി. പേരിൽ പണം വന്ന തടവുകാരനുമായി സ്വർണക്കടത്തു പ്രതികൾ തെറ്റിപ്പിരിഞ്ഞതോടെ അയാളെ അവിടെ നിന്നു മാറ്റണമെന്നായി ആവശ്യം. എന്നാൽ ഉദ്യോഗസ്ഥർ വഴങ്ങിയില്ല.

Read Also: വൈദ്യുതി ബില്ലിൽ അധിക നിരക്ക് ഈടാക്കില്ല; പ്രതിസന്ധി കാലത്ത് സഹായങ്ങൾ തുടർന്ന് ഉത്തര്‍പ്രദേശ് സർക്കാർ

അടുത്തിടെ ഇതേ കേസിൽ പെട്ട സ്വപ്ന സുരേഷ് വ്യാജ പരാതി കേസിൽ 9 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരുന്നു. ക്രൈംബ്രാഞ്ച് ഓഫിസിലെ മുറിയിൽ വിശാലമായ വിശ്രമവും ഉറക്കവും. 3 നേരം കടയിൽ നിന്ന് ഇഷ്ടഭക്ഷണവും . ഇതെല്ലാം മറ്റു സ്വർണക്കടത്തു പ്രതികളെയും പ്രലോഭിപ്പിക്കുന്നു. 3 ദിവസം രാവിലെ ചപ്പാത്തിയും വെജിറ്റബിൾ കറിയും. 2 ദിവസം ഉപ്പുമാവ്. ഒരു ദിവസം ദോശ അല്ലെങ്കിൽ ഇഡ്ഡലി. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഊണിനൊപ്പം മീൻ. ശനിയാഴ്ച ആട്ടിറച്ചി. വൈകിട്ട് നാലരയ്ക്കു ദിവസവും ചോറും കറികളും അത്താഴത്തിന്. ഇതാണു തടവുകാർക്കുള്ള സൗജന്യ ഭക്ഷണം. ഇതിനു പുറമേയാണ് 1200 രൂപ മാസം ചെലവഴിക്കാൻ എല്ലാ തടവുകാർക്കും അനുവാദം. പുറത്തുള്ളവർക്കു വിൽക്കുന്ന ജയിൽ ചപ്പാത്തി, ചിക്കൻ കറി, ഫ്രൈ, ചിക്കൻ ബിരിയാണി എന്നിവയെല്ലാം തടവുകാർക്കു ജയിൽ കന്റീൻ വഴി ഈ പണം കൊടുത്തു വാങ്ങാം. ദിവസവും എല്ലാ നേരവും പാഴ്സൽ മാത്രം കഴിക്കാൻ ഈ പണം തികയില്ല. അതിനാലാണു പരിധിയില്ലാതെ ഭക്ഷണം വാങ്ങണമെന്ന ആവശ്യം ഇവർ ഉയർത്തിയത്.

കടപ്പാട് മനോരമ ന്യൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button