ബംഗളൂരു: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതികളെ സാഹസികമായി പിടികൂടി പോലീസ്. ബംഗളൂരുവിലാണ് സംഭവം. തെളിവെടുപ്പിനിടെ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്.
ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളാണ് തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം നടത്തിയത്. എന്നാൽ പിന്തുടർന്നെത്തിയ പൊലീസ് ഇരുവരുടെയും കാലുകളിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികൾക്ക് മതിയായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ബംഗ്ലാദേശി സ്വദേശിനിയായ യുവതിയെ നിയമ വിരുദ്ധമായി ഇവർ ഇന്ത്യയിലെത്തിക്കുകയായിരുന്നു. പിന്നീട് ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം ഉണ്ടാകുകയും പ്രതികളുടെ കണ്ണുവെട്ടിച്ച് യുവതി കേരളത്തിലേക്ക് കടന്നു കളയുകയും ചെയ്തു.
എന്നാൽ യുവതിയെ പിന്തുടർന്നെത്തിയ പ്രതികൾ ഇവരെ തിരികെ ബംഗളൂരുവിലേക്ക് കൊണ്ടു പോയി. തുടർന്ന് ഇവർ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴായിരുന്നു പോലീസിനെ കബളിപ്പിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്.
Post Your Comments