കേന്ദ്രസർക്കാർ ഐ.ടി നയങ്ങളിൽ പിടിമുറുക്കിയപ്പോൾ ഫേസ്ബുക്കിനും, ഇൻസ്റാഗ്രാമിനും, വാട്സാപ്പിനുമപ്പുറം സോഷ്യൽ മീഡിയയിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ് ജനങ്ങൾ. ഈ അവസരത്തിൽ തരംഗമാകുന്ന സാമൂഹ മാധ്യമ ആപ്ലിക്കേഷനാണ് ‘ക്ലബ്ഹൗസ്’. ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 കമ്പനികളുടെ 2021 ലെ ടൈം മാഗസിൻ പട്ടികയിൽ ക്ലബ്ഹൗസും ഇടം നേടിയിട്ടുണ്ട്. ഡിജിറ്റൽ റൂമുകളിൽ ആളുകൾക്ക് ഒന്നിച്ച് ഒത്തുകൂടാനും ഏത് വിഷയത്തെക്കുറിച്ചും പരസ്പരം സംസാരിക്കാനും സൗകര്യം ഒരുക്കുന്ന ആപ്പ് എന്നാണ് ടൈം മാഗസിൻ ക്ലബ്ഹൗസിനെ വിശേഷിപ്പിച്ചത്.
പൂർണ്ണമായും ശബ്ദത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതുമായ സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ്ഹൗസ്. ഇതിൽ വോയ്‌സ് ചാറ്റ് റൂമുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്തുന്നതിനും തത്സമയ ചർച്ചകൾ സംഘടിപ്പിക്കാനും കഴിയും. വോയ്‌സ് ചാറ്റ് റൂമിൽ ഒരു സമയം 5000 ആളുകൾക്ക് വരെ പങ്കെടുക്കുവാനും കഴിയും.
തുടക്കത്തിൽ ഐ.ഒ.എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തനം ആരംഭിച്ച ക്ലബ് ഹൗസ് 2021 മെയ് മുതലാണ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും ലഭ്യമായത്. പോഡ്കാസ്റ്റുകൾ പ്രക്ഷേപണം ചെയ്യുന്നതിനായി പോൾ ഡേവിസൺ, രോഹൻ സേത്ത് എന്നിവർ ചേർന്ന് ടോക് ഷോ എന്ന പേരിലാണ് ഈ ആപ്പ് ആരംഭിച്ചത്. എന്നാൽ ഇലോൺ മസ്ക്, മാർക്ക് സുക്കർബർഗ് തുടങ്ങിയ പ്രശസ്തർ അംഗങ്ങളായതോടെ ആപ്പിന്റെ തലവര മാറി.
ആപ്പ് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഇൻവിറ്റേഷൻ ലഭിക്കുന്നതിലൂടെ മാത്രമേ പുതിയ ഒരാൾക്ക് ആപ്പിൽ അംഗമാകാൻ കഴിയു. പുതിയതായി എത്തുന്നവർക്ക് ആദ്യം രണ്ടു പേരെ മാത്രമേ ഇൻവൈറ്റ് ചെയ്യാൻ കഴിയുകയുള്ളൂ. ആപ്പ് ഉപയോഗിക്കുന്നതിനനുസരിച്ച് കൂടുതൽ പേരെ ഇൻവൈറ്റ് ചെയ്യാനുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കും. വോയ്‌സ് ചാറ്റ് റൂമുകളിൽ നടക്കുന്ന സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യപ്പെടില്ല എന്ന് ക്ലബ്ഹൗസിന്റെ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments