
ന്യൂഡല്‍ഹി: വളര്‍ത്ത് നായയെ ബലൂണില്‍ കെട്ടി പറത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. വീഡിയോ ചിത്രീകരിക്കാനായി ഹൈഡ്രജന്‍ ബലൂണുകളില്‍ കെട്ടി നായയെ പറത്തിവിടുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു.
ഗൗരവ് ജോണ്‍ എന്നയാളാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍വെച്ചാണ് ഇയാള്‍ വീഡിയോ ചിത്രീകരിക്കുന്നതിനായി വളര്‍ത്ത് നായയെ ബലൂണില്‍ കെട്ടി പറത്തിയത്. കുറച്ച് നേരത്തേയ്ക്ക് നായ വായുവിലൂടെ പറന്നുനടക്കുന്നതും ഇതുകണ്ട് ഗൗരവും അമ്മയും കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.
യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ വിവാദമായതോടെ മൃഗ സംരക്ഷണ സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതോടെ യൂട്യൂബില്‍ നിന്നും വീഡിയോ നീക്കം ചെയ്തു. തുടര്‍ന്ന് ഗൗരവ് ജോണിനെതിരെ പിഎഫ്എ എന്ന സംഘടന മാള്‍വ്യ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സെക്ഷന്‍ 188, 269, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഗൗരവിനും അമ്മയ്ക്കുമെതിരെ പോലീസ് കേസ് എടുത്തത്.
Post Your Comments