തിരുവനന്തപുരം: നിയമസഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവനക്ക് വിശദീകരണവുമായി സ്പീക്കര്‍ എം.ബി. രാജേഷ്. സഭക്ക് പുറത്ത് ഉയര്‍ന്നു വരുന്ന പൊതുവായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അതേസമയം സ്‌പീക്കറെ അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തെങ്കിലും സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ നിലപാടിലുള്ള അതൃപ്‌തി പ്രതിപക്ഷം മറച്ചുവച്ചില്ല.
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്‍റെ പ്രസ്‌താവന വേദനിപ്പിച്ചുവെന്നും അത് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിനന്ദന പ്രസംഗത്തിലൂടെ തന്നെ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗം ഇങ്ങനെ,
“സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന അങ്ങയുടെ പ്രസ്‌താവന ഞങ്ങളെ കുറച്ച് വേദനിപ്പിച്ചു, അത്തരമൊരു പ്രസ്‌താവന കേരളത്തിന്‍റെ ചരിത്രത്തില്‍ സഭാനാഥനായി നിയോഗിക്കപ്പെട്ട ആരില്‍ നിന്നും ഉണ്ടായിട്ടില്ല. പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും അതിന് മറുപടി നല്‍കേണ്ടി വരും. അത് സംഘര്‍ഷങ്ങളുണ്ടാക്കും, നിയമസഭയിലെത്തുമ്പോള്‍ അത് ഒളിച്ച് വയ്ക്കാന്‍ പ്രതിപക്ഷത്തിനാവില്ല. അത് സഭയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും” എന്നായിരുന്നു സ്പീക്കറോട് വി ഡി സതീശന്‍ പറഞ്ഞത്.
മുൻ സ്‌പീക്കറും ഇപ്പോള്‍ ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്‌ണന്റെ പ്രവര്‍ത്തനവും ശൈലിയും മാതൃകാപരമായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം ഇതിന്റെ പ്രതികരണമായി രാജേഷ് പറഞ്ഞത് കക്ഷി രാഷ്ട്രീയത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കില്ല. സ്പീക്കര്‍ പദവിയുടെ അന്തസും നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യവും പാലിച്ചാകും അഭിപ്രായ പ്രകടനം നടത്തുകയെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങളുടെയും താല്‍പര്യം സംരക്ഷിക്കുവാനും ജനകീയ പ്രശ്നങ്ങള്‍ സഭയില്‍ ഉയര്‍ത്താന്‍ സ്വാതന്ത്ര്യം നല്‍കുന്നതിലും സ്പീക്കര്‍ പ്രതിജ്ഞാബദ്ധനാണെന്നും സ്പീക്കര്‍ പറഞ്ഞു.
നിയമനിര്‍മാണങ്ങളിലും ജനകീയ പ്രശ്നങ്ങളും മണ്ഡലത്തിലെ ആവശ്യങ്ങളും സഭയില്‍ ഉയര്‍ത്തുന്നതിന് അംഗങ്ങള്‍ക്ക് അവസരം ഉറപ്പുവരുത്തി സഭാനടപടികള്‍ നടത്തുക എന്നത് സ്പീക്കറുടെ ഉത്തരവാദിത്തമാണ്. കൂടാതെ, സര്‍ക്കാറിന്‍റെ ബിസിനസ് നടപ്പാക്കാന്‍ വഴിയൊരുക്കേണ്ടതുണ്ട്. മുഴുവന്‍ അംഗങ്ങളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും മറുപടി പ്രസംഗത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് വ്യക്തമാക്കി.
Post Your Comments