കോഴിക്കോട്: ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ സണ്ണി വെയ്ന്‍. ‘എന്റെ സഹോദരി സഹോദരന്‍മാര്‍ക്കൊപ്പം’ എന്നാണ് സണ്ണി വെയിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘സേവ് ലക്ഷദ്വീപ്’ എന്ന ഹാഷ് ടാഗോട് കൂടിയാണ് സണ്ണി വെയിന്റെ പോസ്റ്റ്. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ നടന്‍ പൃഥ്വിരാജും ഫുട്‌ബോള്‍ താരം വനീതും ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്ന നടന്‍ പൃഥ്വിരാജിന്റെ പ്രതികരണം. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ വിചിത്രമാണ്. വികസനത്തിന് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ല. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ എതിര്‍ക്കപ്പെടേണ്ടതാണെങ്കില്‍ അതിനായി ഇടപെടലുകളുണ്ടാകണം. ലക്ഷദ്വീപിലെ ജനതയോടൊപ്പം നില്‍ക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
‘ലക്ഷദ്വീപ്.. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉല്ലാസയാത്രയ്ക്ക് പോയതാണ് മനോഹരമായ ഈ ദ്വീപിനെ കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മകള്‍. വര്‍ഷങ്ങള്‍ക്കുശേഷം, സച്ചിയുടെ അനാര്‍ക്കലി ടീമിനൊപ്പം ഇവിടെയെത്തി. അന്ന് ഞാന്‍ കവരത്തിയില്‍ രണ്ട് മാസം ചെലവഴിച്ചു. ജീവിതകാലം മുഴുവന്‍ ഒപ്പമുണ്ടാകുന്ന സുഹൃത്തുക്കളെയും ഓര്‍മകളെയും സ്വന്തമാക്കി. രണ്ട് വര്‍ഷം മുമ്പ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിനായി വീണ്ടുമെത്തി.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ദ്വീപിലെ എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളില്‍ നിന്ന് നിരാശ നിറഞ്ഞ സന്ദേശങ്ങള്‍ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ എനിക്ക് കഴിയുന്നത് ചെയ്യാന്‍ അവര്‍ അഭ്യര്‍ഥിക്കുന്നു. എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ തികച്ചും വിചിത്രമെന്ന് തോന്നുന്നതെന്ന് ഞാന്‍ ദീര്‍ഘമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ വായിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്’. പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു.
Post Your Comments