കോഴിക്കോട്: സംസ്ഥാനത്ത് പ്രതിരോധ നീക്കങ്ങള്‍ക്ക് തടസ്സമായി ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം രൂക്ഷം. ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്ക് കുത്തിവെയ്ക്കുന്ന പാര്‍ശ്വ ഫലങ്ങളില്ലാത്ത ലൈപോസോമല്‍ ആംഫോടെറിസിന്‍ സ്‌റ്റോക്കില്ല. മരുന്ന് ലഭ്യമല്ലാത്തതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് ദിവസമായി രോഗികളുടെ കുത്തിവെപ്പ് മുടങ്ങി. ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് ആറ് പേര്‍ മരിച്ചതോടെ ജനങ്ങളില്‍ ആശങ്ക വര്‍ധിക്കുകയും ചെയ്യുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 19 രോഗികളിൽ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ആറ് പേര്‍ക്ക് പ്രതിദിനം 36 വയല്‍ ലൈപോസോമല്‍ ആംഫോടെറിസിന്‍ ആവശ്യമുണ്ട്. മരുന്ന് കിട്ടാതെ വന്നതോടെ ഇവർക്ക് രണ്ടുദിവസമായി കുത്തിവെപ്പ് നൽകിയിട്ടില്ല. അതേസമയം മറ്റ് പതിമൂന്ന് പേര്‍ക്ക് നല്‍കുന്ന ആംഫോടെറിസിന്‍ ബിയുടെ ഉപയോഗം ഗുരുതര രോഗമുള്ളവരുടെ വൃക്കയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ബ്ലാക്ക് ഫംഗസിനുള്ള ലൈപോസോമലിന്റെ ഉയർന്ന വില നിമിത്തം ആശുപത്രികൾ മരുന്ന് അധികം സ്റ്റോക്ക് ചെയ്യാറില്ല. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 30ലധികം പേര്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുണ്ട്. ലൈപോസോമല്‍ മരുന്നിന് കടുത്ത ക്ഷാമമുള്ളതിനാല്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാറിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
Post Your Comments