ജയ്‌പൂർ : രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യങ്ങൾ പുകയുന്നു. കോൺഗ്രസിൽ വിമത നീക്കങ്ങള്‍ വീണ്ടും ശക്തമാകുകയാണ്. അശോക് ഗെഹ്‌ലോട്ടിന്റെ ഏകാധിപത്യ അധികാര രീതി വേണ്ടെന്നും പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് കൂടുതല്‍ എംഎല്‍എമാര്‍ പരസ്യമായി രംഗത്ത് എത്തി. സച്ചിൻ വിഭാഗമാണ് ഇത്തരത്തിൽ രംഗത്തെത്തിയത്.
അനുകൂല തിരുമാനം ഉടനുണ്ടായില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നടക്കം രാജി വയ്ക്കും എന്നാണ് ഒരു വിഭാഗം നല്‍കിയിരിക്കുന്ന സന്ദേശം. വിഷയത്തിൽ ഇടപെടാൻ രാഹുൽ ഗാന്ധി വീണ്ടും അജയ് മാക്കനെ അയക്കുമെന്നാണ് സൂചന. എന്നാൽ സംഘടനയിലെ പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യാന്‍ അജയ് മാക്കനെ അയക്കാനുള്ള രഹുല്‍ ഗാന്ധിയുടെ നീക്കത്തോട് സഹകരിക്കില്ല എന്ന് വിമത വിഭാഗം അറിയിച്ചു.
വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഗെഹ്‌ലോട്ടിനോട് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുകയാണ് വേണ്ടതെന്നും ചർച്ചയിൽ വിശ്വാസമില്ലെന്നും അവര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി വാക്ക് പാലിച്ചില്ല എന്നതാണ് വിമതപക്ഷം ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. ഗെഹ്‌ലോട്ടിനെതിരായ വിമത നീക്കം അവസാനിപ്പിച്ചപ്പോള്‍ മന്ത്രിസ്ഥാനങ്ങള്‍ അടക്കം തിരിച്ചുനല്‍കാം എന്നായിരുന്നു വാഗ്ദാനം.
മദന്‍ പ്രജാപത്, മുകേഷ് ബക്കര്‍, മുരാരി ലാല്‍ മീണ എന്നിവര്‍ രാജി തീരുമാനം കേന്ദ്ര നേത്യത്വത്തെ അറിയിച്ചു. വേദപ്രകാശ് സോളങ്കിയുടെ നേതൃത്വത്തില്‍ എതാനു പേരും രാജി വയ്ക്കാന്‍ തയാറെടുക്കുന്നു എന്നാണ് സൂചന. ഹേമാറാം ചൗധരി എംഎല്‍എ കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു. രാജി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദം ഉണ്ടെങ്കിലും പിന്മാറില്ലെന്ന് ഹേമാറാം ചൗധരി നേത്യത്വത്തെ അറിയിച്ചു.
Post Your Comments