ചണ്ഡിഗഢ്: സംസ്ഥാനത്തെ കോവിഡ് രോഗികൾക്ക് സൗജന്യമായി നൽകുന്ന കോവിഡ് കിറ്റിന്റെ ഭാഗമായി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി നിർമിച്ച കോറോനിൽ വിതരണം ചെയ്യാൻ ഹരിയാന സർക്കാർ തീരുമാനിച്ചു. കോവിഡിനെതിരായ കോറോനിൽ ആയുർവേദ മരുന്ന് വിതരണം ചെയ്യുന്നതായി സ്ഥിരീകരിച്ച് സംസ്ഥാന മന്ത്രി അനിൽ വിജ് ട്വീറ്റ് ചെയ്തു.
രോഗികൾക്ക് സൗജന്യമായി കോറോനിൽ നൽകുന്നതിന് ചിലവാകുന്നതിന്റെ പകുതി തുക പതഞ്ജലിയും പകുതി ഹരിയാന സർക്കാരിന്റെ കോവിഡ് റിലീഫ് ഫണ്ടുമാണ് വഹിക്കുക. ഒരു ലക്ഷം പതഞ്ജലി കോറോനിൽ കിറ്റുകൾ കോവിഡ് രോഗികൾക്ക് നൽകുന്നതിനാണ് തീരുമാനമെന്നും മന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കി.
അതേസമയം, കോവിഡിനുള്ള മരുന്ന് എന്ന പേരിൽ പതഞ്‌ജലി ഇറക്കിയ കോറോനിലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉണ്ടെന്ന രാംദേവിന്റെ അവകാശവാദത്തിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്ത് വന്നിരുന്നു.
Post Your Comments