ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ എണ്ണായിരത്തിലധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബ്ലാക്ക് ഫംഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയ്ക്കു പുറമേ ആസ്ട്രഗലസ് എന്ന പുതിയ തരം ഫംഗസ് ബാധയും കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യുന്നതിനിടെ ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നത് ആരോഗ്യ പ്രവർത്തകർക്കിടയിൽ ആശങ്ക വർധിപ്പിക്കുകയാണ്. പരിസ്ഥിതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകൾ മൂലമാണ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നത്. പലപ്പോഴും ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കാഴ്ച നഷ്ടപ്പെടാനും ഇത് കാരണമായേക്കാം.
മൂക്കിൽ നിന്ന് കറുത്ത നിറത്തിലോ രക്തം കലർന്നതോ ആയ സ്രവം വരികയെന്നതാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളിൽ ഒന്ന്. മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക, പല്ലുവേദന, പല്ല് കൊഴിയൽ, മങ്ങിയ കാഴ്ച, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവയും ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.
Read Also: ഓൺലൈൻ ക്ലാസിൽ തോർത്ത് മാത്രം ഉടുത്ത് അധ്യാപകൻ; അശ്ലീല സന്ദേശങ്ങൾ അയക്കും; പരാതിയുമായി വിദ്യാർത്ഥികൾ
രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപനം കൂടുകയാണെന്നും ശ്വാസകോശത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്നും എയിംസ് ഡയറക്ടർ രൺദ്ദീപ് ഗുലേരിയ വ്യക്തമാക്കിയിരുന്നു. ഇത് പകർച്ചവ്യാധിയല്ലെന്നും സിങ്ക് അടങ്ങിയ മരുന്ന് അമിതമായി ഉപയോഗിക്കുന്നതും വ്യാവസായിക ഓക്സിജന്റെ ഉപയോഗവും വൃത്തിഹീനമായ ഓക്സിജൻ സിലിണ്ടർ ഉപയോഗവും ബ്ലാക്ക് ഫംഗസ് പിടിപെടുന്നതിന് കാരണമാകാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Post Your Comments