ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് ബാധിതരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെടുന്നതായി പരാതി. ഇത് സംബന്ധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പൊലിസിലും പരാതി നല്‍കി. ഇതു വരെ 5 പരാതികള്‍ ലഭിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുമ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെടുന്നതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പരാതികള്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും പേഴ്സും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. കോവിഡ് ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ആനി ജോസഫിന്റെ 5 പവന്‍ സ്വര്‍ണം, പട്ടണക്കാട് സ്വദേശി പ്രഭാവതി അമ്മയുടെ 6 പവന്‍ സ്വര്‍ണം, ഹരിപ്പാട് സ്വദേശി ലിജോ ബിജുവിന്റെ പേഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.
ഏറ്റവും ഒടുവിലായി ഹരിപ്പാട് മുട്ടം സ്വദേശി വത്സലകുമാരി യുടെ ആറര പവന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞ12 ന് വൈകിട്ടാണ് വത്സലകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഐ.സി യു വില്‍ പ്രവേശിപ്പിക്കുമ്പോള്‍ നാലരപവന്റെ മാല ഉള്‍പ്പെടെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ വത്സലകുമാരിയുടെ ശരീരത്തിലുണ്ടായിരുന്നു. രോഗം മൂര്‍ഛിച്ച വത്സല കുമാരി വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ചു. വൈകിട്ട് ഏഴേ മുക്കാലോടെ മൃതദേഹം പുറത്തിറക്കിയപ്പോള്‍ ഒരു പവന്റെ വള മാത്രമാണ് മുറിച്ച നിലയില്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.
രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന് ശേഷം ബന്ധുക്കള്‍ പലതവണ ആഭരണങ്ങള്‍ ചോദിച്ചെങ്കിലും പിന്നീട് നല്‍കാമെന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാര്‍ ഒഴിഞ്ഞു മാറിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. എല്ലാവരും പിപി ഇ കിറ്റ് ഉപയോഗിക്കുന്നതിനാല്‍ ആശുപത്രി ജീവനക്കാരെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണം ആരോട് ചോദിക്കുമെന്നറിയാത്ത ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.പരാതികള്‍ അമ്പലപ്പുഴ പോലിസിന് കൈമാറിയിരിക്കുകയാണ്.
Post Your Comments