ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയോട് പോരാടുന്ന ഇന്ത്യയ്ക്ക് മുന്നിൽ പുതിയ പ്രതിസന്ധിയായി ബ്ലാക്ക് ഫംഗസും. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, മ്യൂക്കോർമൈക്കോസിസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ഇതുവരെ രാജ്യത്ത് ബ്ലാക്ക് ഫംഗസ് വന്ന് മരിച്ചത് 219 പേരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 7,250 പേർക്കാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. കേരളത്തിലും 15 ഓളം കേസുകളും രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വയം ചികിത്സയും സ്റ്റിറോയ്ഡുകളുടെ അമിതോപയോഗവുമാണ് ബ്ലാക്ക് ഫംഗസിനു കാരണമാകുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് ബാധിച്ച രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ് അതിവേഗമാണ്. മൂക്കില്‍ നിന്ന് ആരംഭിച്ച് കണ്ണിലേക്കും തലച്ചോറിലേക്കും രോഗം വേഗത്തില്‍ പടരുന്നു.
‘കേസുകളുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്. ഈ കേസുകളെല്ലാം അനാവശ്യമായി സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചതിനാലാണെന്ന് എനിക്ക് തോന്നുന്നു.’- ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. അതുല്‍ മിത്തല്‍ പറയുന്നു.
‘മ്യൂക്കോമൈക്കോസിസ് അണുബാധയുള്ള ആളുകളില്‍ ഫംഗസ് നാശം വരുത്തിയ ടിഷ്യൂസ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ആവശ്യമാണ്. പല രോഗികളും കൊറോണ വൈറസില്‍ നിന്ന് കരകയറിയത് അവരുടെ ജീവന്‍ രക്ഷിക്കാനായി കണ്ണും താടിയെല്ലുമൊക്കെ നഷ്ടപ്പെടുത്തിയാണ്. ഫംഗസ് അതിവേഗം പടരാൻ തുടങ്ങിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് കൂടുതല്‍ ആളുകളെ കൊല്ലും. ഞങ്ങള്‍ക്ക് രോഗം പടരുന്നത് തടയാന്‍ കഴിയില്ല, അത് കീടങ്ങളെപ്പോലെ ആക്രമിച്ചുകൊണ്ടിരിക്കും.’- ഡോ. അതുല്‍ മിത്തല്‍ പറയുന്നു.
Post Your Comments