തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളിൽ പ്രതികരിച്ച് നിയുക്ത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. തന്റെ ജാതി സംബന്ധിച്ച ചര്‍ച്ചകള്‍ താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ രാധാകൃഷ്ണന്റെ വാക്കുകള്‍: എന്നെ പാര്‍ട്ടി എല്‍പ്പിച്ച് ജോലി അതെന്റെ കഴിവിന് അനുസരിച്ച് നല്ലത് പോലെ ചെയ്യുക എന്നതാണ് ശീലിച്ചത്. തുടര്‍ന്നും അത് അങ്ങനെ തന്നെ ചെയ്യും. ചര്‍ച്ചകള്‍ കാര്യമായി ശ്രദ്ധിച്ചിട്ടില്ല, ചര്‍ച്ച ആവശ്യമില്ല. എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം സംരക്ഷിക്കുക എന്ന നിലപാടാണ് സിപിഐഎമ്മും എല്‍ഡിഎഫും സ്വീകരിച്ചിട്ടുള്ളത്. അതേ നിലപാടാണ് ഞാനും സ്വീകരിക്കുക. ഇടതുപക്ഷം എല്ലാ മേഖലയിലും പുതിയ കാഴ്ചപാടുകളുമായാണ് മുന്നോട്ട് പോകുന്നത്. ജനങ്ങള്‍ ഇടതുമുന്നണിയ്ല്‍ വിശ്വാസം അകര്‍പ്പിച്ചു. അത് കാത്തു സൂക്ഷിക്കും. 99 പേരില്‍ മന്ത്രിയാകാന്‍ ശേഷിയുള്ളവരാണ് എല്ലാവരും. 1996ല്‍ എനിക്കൊരു ഭരണ പരിചയവുമുണ്ടായിരുന്നില്ല. അന്ന് ഞാന്‍ പാര്‍ട്ടി ഏരിയ കമ്മറ്റി അംഗമാണ്. ഓരോരുത്തര്‍ക്കും പാര്‍ട്ടി അവസരം നല്‍കുമ്പോള്‍ വളര്‍ന്നുവരാന്‍ ശ്രമിക്കണം. ഏല്‍പ്പിക്കു്ന്ന ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കും.
അതേസമയം, രാധാകൃഷ്ണന്റെ ജാതി സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പറഞ്ഞ് സിനിമാ സംവിധായകരായ രഞ്ജിത്തും രഞ്ജി പണിക്കരും രംഗത്തെത്തി. കെ രാധാകൃഷ്ണന്‍ അടിയുറച്ച ഇടതുപക്ഷ ബോധവും മനോഭാവവുമുള്ള വ്യക്തിയാണെന്ന് രഞ്ജിത്ത് പറഞ്ഞു. അദ്ദേഹം വര്‍ഷങ്ങളായി തനിക്ക് അറിയാവുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജാതിയെന്നത് ഇവിടെ വിഷയമല്ല. അദ്ദേഹം ദേവസ്വം വകുപ്പും കൃത്യമായി സൂക്ഷ്മതയോടെ ഭരിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു. കെ രാധാകൃഷ്ണന്‍ മുന്‍പു വളരെ മികച്ച രീതിയില്‍ ഉത്തരവാദിത്വങ്ങള്‍ വഹിച്ച വ്യക്തിയാണെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. അദ്ദേഹത്തിന് നല്‍കിയ പുതിയ ചുമതലകള്‍, മികച്ച രീതിയില്‍ വഹിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഇവിടെ അദ്ദേഹത്തിന്റെ ജാതി വിഷയമില്ല, അത് ചര്‍ച്ച ചെയ്യേണ്ട കാര്യവുമില്ലെന്ന് അദ്ദേഹവും പറഞ്ഞു.
Post Your Comments