
കല്‍പ്പറ്റ: ആദിവാസികളുടെ ജീവിതം എന്നും ദുരിതപൂര്‍ണമായിരിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍. ഈ നിലപാടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വനത്തില്‍ നിന്നും ആദിവാസികളെ ഒഴിവാക്കുന്ന കോടതി ഉത്തരവ്. വനവകാശനിയമം സംരക്ഷിക്കാനും ആദിവാസികള്‍ക്ക് കൂടുതല്‍ ഗുണകരമാക്കുന്നതിനും വേണ്ടി വാദിക്കേണ്ട കേന്ദ്രം ആ രീതിയില്‍ വാദം നടത്താതെ കോടതിയില്‍നിന്നും പിന്‍മാറുകയായിരുന്നു. ആദിവാസി ക്ഷേമസമിതിയുടെ വയനാട് ജില്ലാ യുവജനകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാധാകൃഷ്ണന്‍.
ചാതുര്‍വര്‍ണ്യവ്യസ്ഥ കൊണ്ടുവരാന്‍ ആദിവാസികളെ അവരുടെ ആവാസ വ്യവസ്ഥയില്‍നിന്നും വലിച്ചെറിയുകയാണ്. ഇത് അനുവദിക്കരുത്. വനം സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ ആദിവാസികളെ വനം കൊള്ളയടിക്കാരായാണ് ചിത്രീകരിക്കുന്നത്. അങ്ങനെയെങ്കില്‍ രാജ്യത്തെ ഏറ്റവും സമ്പന്നര്‍ ആവേണ്ടത് ആദിവാസികളാണ്. ആദിവാസികള്‍ക്കായി നിരവധി പദ്ധതികള്‍ ഉണ്ടാകുന്നുണ്ടെക്കിലും പലതും യഥാര്‍ഥത്തില്‍ ആദിവാസികള്‍ക്ക് ഉപയോഗപ്പെടുന്നില്ല. എന്തും സൗജന്യമായി കിട്ടേണ്ടവരാണ് ആദിവാസികള്‍ എന്ന ധാരണ മാറിയില്ലെങ്കില്‍ ഇവര്‍ക്ക് പുരോഗതി ഉണ്ടാവില്ല.
നല്ല വിദ്യാഭ്യാസം നല്‍കി സ്വയം തൊഴില്‍ കണ്ടെത്തുന്ന രീതിയിലേക്ക് വളരാന്‍ ആദിവാസികളെ പ്രാപ്തരാക്കണം. പിറന്ന മണ്ണില്‍നിന്നും വലിച്ചെറിയപ്പെടുക എന്ന വര്‍ത്തമാനകാല ദുരന്തമാണ് ആദിവാസികള്‍ നേരിടുന്നതെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. വനം കൊള്ളക്കാരല്ല വനം സംരക്ഷകരാണ് ആദിവാസികള്‍. ആദിവാസി മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന സ്റ്റൈപന്‍ഡും ലംപ്സം ഗ്രാന്റും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ക്രത്യമായി അര്‍ഹരായവരില്‍ എത്തിച്ചേരുന്നില്ല. ഇക്കാര്യങ്ങളില്‍ സംഘടന ഇടപെടലുകള്‍ നടത്തണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
Post Your Comments