ന്യൂഡല്‍ഹി : അന്താരാഷ്ട്ര മാധ്യമങ്ങളുടെ വ്യാജപ്രചരണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ വീക്ഷണങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ ബി.ബി.സി മാതൃകയില്‍ ടി.വി ചാനല്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ‘ഡി.ഡി ഇന്‍റര്‍നാഷണല്‍’ ചാനലിന്റെ വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടുള്ള താല്‍പര്യപത്രം കഴിഞ്ഞ 13ന് പുറപ്പെടുവിച്ചിരുന്നു. ദൂരദര്‍ശന്റെ ആഗോള സാന്നിധ്യമാകാനും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ശബ്ദമാകാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇതില്‍ പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു പരിചയമുള്ള കണ്‍സള്‍ട്ടന്‍സികളെയാണ് പദ്ധതിരേഖ സമര്‍പ്പിക്കാനായി ക്ഷണിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടിനെ ലോകത്തെ അറിയിക്കുകയാണ് ചാനല്‍ വഴി ലക്ഷ്യമിടുന്നത്. ലോക പ്രേക്ഷകരോട് ഇന്ത്യയെ കുറിച്ച് പറയുകയും വേണം. ഇന്ത്യയെ കുറിച്ചുള്ള ആഗോള വാര്‍ത്താ ഉറവിടമായി ഡി.ഡി ഇന്‍റര്‍നാഷണലിനെ മാറ്റണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. 24×7 നീണ്ടുനില്‍ക്കുന്ന മുഴുനീള പ്രക്ഷേപണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബ്യൂറോകള്‍ ആരംഭിക്കാനും പദ്ധതിയിടുന്നു. വിവിധ മേഖലകള്‍ക്ക് അനുയോജ്യമായ പരിപാടികളാകും സംപ്രേഷണം ചെയ്യുക.
Read Also : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ എല്ലാ എംഎൽഎമാരും പങ്കെടുക്കണോ? സുപ്രധാന വിധിയുമായി ഹൈക്കോടതി
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടും വാക്സിന്‍ നയവുമായി ബന്ധപ്പെട്ടും ആഗോള മാധ്യമങ്ങള്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൂടാതെ മറ്റു വിവിധ വിഷയങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. ഇന്ത്യയെ താറടിച്ചുകാണിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ബി.ജെ.പി നേതാക്കളും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും ആരോപിച്ചിരുന്നു.
Post Your Comments