ന്യൂഡല്‍ഹി: കോവിഡ് വാര്‍ഡുകളില്‍ ബ്ലാക്ക് ഫംഗസ് ബാധ നേരത്തെ കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി എയിംസ്. ആര്‍പി സെന്റര്‍ ഫോര്‍ ഒഫ്താല്‍മിക് സ്റ്റഡീസാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. അപകട സാധ്യത കൂടിയ രോഗികളെ കണ്ടെത്താനും രോഗികളെ പരിചരിക്കാനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.
നിയന്ത്രിതമല്ലാത്ത പ്രമേഹം, ഡയബറ്റിക് കെറ്റോയാസിഡോസിസ്, സ്റ്റിറോയിഡുകള്‍ അല്ലെങ്കില്‍ ടോസിലിസുമാബ് തുടങ്ങിയ മരുന്നുകള്‍ എടുക്കുന്ന പ്രമേഹ രോഗികള്‍, ഇമ്മ്യൂണോസപ്രസന്റ്‌സ് അല്ലെങ്കില്‍ ആന്റി കാന്‍സര്‍ ചികിത്സയിലുള്ള രോഗികള്‍, നീണ്ട കാലമായി എന്തെങ്കിലും രോഗം ഉള്ളവര്‍ തുടങ്ങിയവരെ ശ്രദ്ധിക്കണം. ഉയര്‍ന്ന ഡോസ് സ്റ്റിറോയിഡുകള്‍ അല്ലെങ്കില്‍ ദീര്‍ഘനാളായി സ്റ്റിറോയിഡുകള്‍ എടുക്കുന്നവര്‍, ഗുരുതരമായ കോവിഡ് കേസുകള്‍, ഓക്‌സിജന്‍ പിന്തുണയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന രോഗികള്‍ എന്നിവര്‍ക്കും പരിശോധനകള്‍ നടത്തണം.
ഉയര്‍ന്ന അപകടസാധ്യതയുള്ള ഇത്തരം രോഗികളുടെ എല്ലാ പരിശോധനയും നടത്താന്‍ നേത്രരോഗവിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയം വരെ ആഴ്ച തോറുമുള്ള പരിശോധനകള്‍ നടത്തണം. ആറ് ആഴ്ച വരെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അല്ലെങ്കില്‍ മൂന്നു മാസം വരെ ഓരോ മാസത്തിലൊരിക്കലും രോഗിയുടെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ച് ഫോളോ അപ്പ് പരിശോധന ചെയ്യണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.
Post Your Comments