ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 300ലധികം മാധ്യമ പ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് മരിച്ചതായി പഠനം. 238 മാധ്യമ പ്രവര്‍ത്തകരുടെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. 82 മാധ്യമ പ്രവര്‍ത്തകരുടെ കാര്യത്തില്‍ പേര് വിവരങ്ങള്‍ സ്ഥിരീകരിക്കാനുണ്ടെന്നാണ് കണ്ടെത്തല്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെര്‍സെപ്ഷന്‍ സ്റ്റഡീസാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍ തുടങ്ങി നിരവധി മുന്നണി പോരാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ വാക്‌സിനേഷന്‍ ആരംഭിച്ചതോടെ മുന്നണി പോരാളികളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കി. ഇതോടെ രണ്ടാം തരംഗത്തില്‍ മരണ സംഖ്യ താരതമ്യേന പിടിച്ചുനിര്‍ത്താന്‍ സാധിച്ചെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന ലഭിക്കാത്തതിനാലാണ് കോവിഡ് ബാധിച്ച് നിരവധിയാളുകള്‍ മരിച്ചതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
നിരവധി പ്രശസ്തരായ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ കോവിഡ് വ്യാപനത്തില്‍ ജീവന്‍ നഷ്ടമായി. 2021 എപ്രിലിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ശരാശരി മൂന്ന് മാധ്യമ പ്രവര്‍ത്തകരാണ് പ്രതിദിനം കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ മെയ് മാസത്തില്‍ പ്രതിദിനം ശരാശരി നാല് മാധ്യമ പ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 56 മാധ്യമ പ്രവര്‍ത്തകരാണ് രോഗം ബാധിച്ച് മരിച്ചത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ 2021 ഏപ്രില്‍ 1 മുതല്‍ മെയ് 16 വരെ 171 മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. തെലങ്കാനയില്‍ 39 പേരും ഉത്തര്‍പ്രദേശില്‍ 37 പേരും മരിച്ചെന്നും പഠനത്തില്‍ പറയുന്നു.
Post Your Comments