ബംഗളൂരു: റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പ്പാദനം ആരംഭിക്കാനൊരുങ്ങുന്നു. കര്‍ണാടകയിലാണ് രാജ്യത്ത് ആദ്യമായി സ്പുട്‌നിക് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുക. ബേലൂര്‍ വ്യവസായ മേഖലയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനമാണ് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുക.
ഒരു വര്‍ഷത്തിനുള്ളില്‍ 5 കോടി ഡോസ് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കാനാണ് എസ്.ബി.പി.എല്‍ ലക്ഷ്യമിടുന്നത്. വാക്‌സിന്‍ ഉത്പ്പാദനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ.റെഡ്ഡീസ് ലബോറട്ടറിയ്ക്ക് വേണ്ടിയാണ് എസ്.ബി.പി.എല്‍ സ്പുട്‌നിക് ഉത്പ്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനാണ് സ്പുട്‌നിക്കിന്റെ നിര്‍മ്മാണാവകാശമുള്ളത്.
ഡോ. റെഡ്ഡീസില്‍ നിന്ന് വാക്‌സിന്‍ ഫോര്‍മുല ലഭിച്ചാല്‍ കാലതാമസമില്ലാതെ ഉത്പ്പാദനം ആരംഭിക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്നതിന് പുറമെ രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്റെ ഉത്പ്പാദനം ആരംഭിക്കുന്നതോടെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇറക്കുമതി ചെയ്യുന്ന സ്പുട്‌നിക് വാക്‌സിനെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്ന വാക്‌സിന് വില കുറവായിരിക്കും.
Post Your Comments